ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ
തൃശ്ശൂര്‍: ബാങ്കിന്റെ ലോക്കര്‍മുറിയില്‍ പ്രവേശിച്ച മൂന്ന് ജീവനക്കാരികള്‍ അബോധാവസ്ഥയില്‍. മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ബസ്സ്റ്റോപ്പിനു സമീപമുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയിലാണ് അപകടം. ബാങ്കിലെ ക്ലാര്‍ക്കുമാരായ ചേര്‍പ്പ് സ്വദേശി ഇമാ ജേക്കബ് (24), ഇരിങ്ങാലക്കുട സ്വദേശി പി.എല്‍. ലോന്റി (38), പത്തനംതിട്ട സ്വദേശി സ്റ്റെഫി(23) എന്നിവരാണ് ജനറേറ്ററില്‍നിന്നുള്ള വിഷവാതകം ശ്വസിച്ചതിനെത്തുടര്‍ന്ന് അബോധാവസ്ഥയിലായത്. ഇവരെ കൂര്‍ക്കഞ്ചേരി എലൈറ്റ് മിഷന്‍ ആശുപത്രി ഐ.സി.യു.വില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
സ്വര്‍ണം എടുത്തുവെക്കാനാണ് മൂവരും ലോക്കര്‍മുറിയിലേക്കുപോയത്. എന്നാല്‍ തിരികെക്കാണാതായതിനെത്തുടര്‍ന്ന് അസി. മാനേജര്‍ ടിന്റോ അന്വേഷിച്ചുചെന്നപ്പോഴാണ് മൂന്നുപേരും ബോധരഹിതയായി കിടക്കുന്നതു കണ്ടത്. മുറിയിലേക്ക് കയറിയ ടിന്റോയ്ക്കും അസ്വസ്ഥത അനുഭവപ്പെട്ടു. ബാങ്കിലെ ജീവനക്കാര്‍ ഉടന്‍ തന്നെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ സമീപത്തെ ലാല്‍ മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പിന്നീട് എലൈറ്റ് ആശുപത്രിയിലേക്ക് മാറ്റി.
ലോക്കര്‍മുറിയോടുചേര്‍ന്നാണ് ജനറേറ്റര്‍മുറിയും ഉള്ളത്. തുടര്‍ച്ചയായി ജനറേറ്റര്‍ പ്രവര്‍ത്തിച്ചപ്പോള്‍ പുറന്തള്ളപ്പെട്ട വാതകം ലോക്കര്‍മുറിയിലേക്ക് പ്രവേശിച്ചിരിക്കാമെന്നാണ് കരുതുന്നത്. ലോക്കര്‍മുറിക്ക് അടച്ചുവെച്ച വിധത്തില്‍ ചെറിയ വെന്റിലേറ്റര്‍ ഉണ്ട്. ഇതിന്റെ വിടവിലൂടെയാകാം വിഷവാതകം ലോക്കര്‍മുറിയില്‍ കടന്നത്. കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം പരിശോധിക്കാന്‍ സാമ്പിള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലം വന്നാലേ അപകടത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമാകുകയുള്ളൂ.
The post ബാങ്ക് ലോക്കർമുറിയിൽ വിഷവാതകം: മൂന്ന് ജീവനക്കാരികൾ അബോധാവസ്ഥയിൽ appeared first on News Bengaluru.