ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം
ബെംഗളൂരു: ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം. ഉഗാദി ആഘോഷിക്കാൻ മാണ്ഡ്യക്ക് സമീപമുള്ള ക്ഷേത്രത്തിലേക്ക് പോകുകയായിരുന്ന അഞ്ചംഗ കുടുംബത്തെയാണ് ബൈക്കിലെത്തിയ അക്രമികൾ കവർച്ച നടത്താൻ ശ്രമിച്ചത്.
പുലർച്ചെ ഒരുമണിയോടെ ബെംഗളൂരു-മൈസൂരു എക്‌സ്‌പ്രസ്‌വേയിൽ ലംബാനി തണ്ഡ്യയ്ക്കും ദേവരഹോസഹള്ളിക്കും ഇടയിലായിരുന്നു സംഭവം. അക്രമികൾ കാറിൻ്റെ മുൻവശത്തെ ചില്ല് തകർത്ത ശേഷം കുരുമുളക് സ്‌പ്രേ ഉപയോഗിക്കുകയായിരുന്നു.
മാർത്തഹള്ളി മഞ്ജുനാഥ് ലേഔട്ടിൽ താമസിക്കുന്ന മഹേന്ദ്ര മഹാദേവയ്ക്കും കുടുംബത്തിനും നേരെയാണ് കവർച്ച ശ്രമം ഉണ്ടായത്. മഹാദേവ ഇത് സംബന്ധിച്ച് പോലീസിൽ പരാതി നൽകി. മഹാദേവ, ഭാര്യ മമത, സുഹൃത്തുക്കളായ വരുൺ, മാദേഷ്, ഭരത് എന്നിവരായിരുന്നു കാറിൽ ഉണ്ടായിരുന്നത്.
ബൈക്കിലെത്തിയ അക്രമി സംഘം മഹേന്ദ്രയെ കാറിൽ നിന്ന് വലിച്ചിറക്കി മർദിക്കുകയും ചെയ്തു. തുടർന്ന് മമതയുടെ ആക്രമിച്ച് സ്വർണ ചെയിൻ തട്ടിയെടുക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മറ്റുള്ളവർ കാറിൽ നിന്ന് പുറത്തിറങ്ങിയതോടെ അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
The post ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ അഞ്ചംഗ കുടുംബത്തിന് നേരെ കവർച്ച ശ്രമം appeared first on News Bengaluru.
Powered by WPeMatico