ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി
അവിഹിത ബന്ധം വിവാഹമോചനത്തിന് കാരണമായി കണക്കാക്കാമെങ്കിലും കുഞ്ഞിന്റെ കസ്റ്റഡി സ്വന്തമാക്കുന്നതിന് മതിയായ കാരണമല്ലെന്ന് വ്യക്തമാക്കി ബോംബെ ഹൈക്കോടതി. 9 വയസുള്ള പെൺകുഞ്ഞിന്റെ കസ്റ്റഡി അമ്മയ്‌ക്ക് അനുവദിച്ചുകൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. ഭാര്യക്ക് പരപുരുഷ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഭർത്താവ് സമർപ്പിച്ച ഹർജിയിൽ കുഞ്ഞിന്റെ കസ്റ്റഡി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ അമ്മയിൽ നിന്ന് കുട്ടിയെ മാറ്റിനിർത്താൻ മതിയായ കാരണം നിലവിലില്ലെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസ് രാജേഷ് പാട്ടീലിന്റേതാണ് നിർണായക ഉത്തരവ്. കുടുംബകോടതി പുറപ്പെടുവിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് ഭർത്താവ് സമർപ്പിച്ച ഹർജി കോടതി തള്ളുകയും ചെയ്തു. 2023 ഫെബ്രുവരിയിലായിരുന്നു കുഞ്ഞിന്റെ കസ്റ്റഡി അമ്മയ്‌ക്ക് അനുവദിച്ച് കുടുംബ കോടതി ഉത്തരവിറക്കിയത്.
2010ൽ വിവാഹിതരായ ദമ്പതികൾക്ക് 2015ൽ പെൺകുഞ്ഞ് ജനിച്ചിരുന്നു. 2019 ആയപ്പോൾ ഭർതൃവീട്ടിൽ നിന്ന് പുറത്താക്കിയെന്നാണ് യുവതിയുടെ മൊഴി. എന്നാൽ സ്വന്തം ഇഷ്ടപ്രകാരം ഭാര്യ ഇറങ്ങിപ്പോവുകയായിരുന്നുവെന്ന് ഭർത്താവ് വ്യക്തമാക്കി. ഭാര്യക്ക് നിരവധി പുരുഷന്മാരുമായി ബന്ധമുണ്ടെന്നും മകളെ തനിക്ക് വിട്ടുതരണമെന്നുമായിരുന്നു ഭർത്താവിന്റെ ആവശ്യം.
എന്നാൽ യുവതി നല്ലൊരു ഭാര്യ ആകുന്നില്ലെന്ന് കരുതി അവർ നല്ലൊരു അമ്മയല്ലെന്ന അർത്ഥമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്നും കോടതി വ്യക്തമാക്കി.
The post ഭാര്യക്ക് അവിഹിത ബന്ധമുണ്ടെങ്കിലും കുട്ടിയുടെ കസ്റ്റഡി സ്വന്തമാക്കുന്നതിന് തടസമില്ലെന്ന് കോടതി appeared first on News Bengaluru.