മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു
ബെംഗളൂരു: മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു. സൗത്ത് ബെംഗളൂരുവിലെ പാർക്കിൽ വ്യാഴാഴ്ചയാണ് സംഭവം. ഗോരഗുണ്ടെപാളയ സ്വദേശി സുരേഷ് (46), ശാകംബരി നഗറിൽ താമസിക്കുന്ന അനുഷ (25) എന്നിവരാണ് മരിച്ചത്. സംഭവത്തിൽ അനുഷയുടെ അമ്മ ഗീത അറസ്റ്റിലായി.
അനുഷയും സുരേഷും ഒരേ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു. ഇരുവരും അടുപ്പത്തിലുമായിരുന്നു. എന്നാൽ അടുത്തിടെ സുരേഷുമായുള്ള ബന്ധത്തിൽ നിന്ന് അനുഷ പിന്മാറിയിരുന്നു. ഇക്കാര്യം സംസാരിക്കാൻ സുരേഷ് അനുഷയെ വ്യാഴാഴ്ച ശിവക്ഷേത്ര പാർക്കിൽ വിളിച്ചുവരുത്തി. അമ്മ ഗീതയെയും കൂട്ടിയാണ് അനുഷ സുരേഷിനെ കാണാനെത്തിയത്. ഇത് ഇയാളെ വല്ലാതെ പ്രകോപിപ്പിച്ചു.
ഇരുവരും തമ്മിൽ വാക്കേറ്റം ഉണ്ടാകുകയും, ഇതേതുടർന്ന് കൈയിലുണ്ടായിരുന്ന കത്തി കൊണ്ട് അനുഷയെ പലതവണ സുരേഷ് ആക്രമിക്കുകയായിരുന്നു. ഇത് കണ്ടുനിന്ന ഗീത സുരേഷിനെ ഇഷ്ടിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷം കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അനുഷയുടെ ശരീരത്തിൽ 28 തവണ കുത്തേറ്റിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തു.
The post മകളെ കൊലപ്പെടുത്തിയ ആൺസുഹൃത്തിനെ അമ്മ കുത്തിക്കൊന്നു appeared first on News Bengaluru.