മുതിർന്ന കന്നഡ നടൻ ദ്വാരകീഷ് അന്തരിച്ചു
ബെംഗളൂരു: മുതിർന്ന കന്നഡ നടനും നിർമ്മാതാവും സംവിധായകനുമായ ദ്വാരകീഷ് എന്ന ബംഗ്ലെ ഷാമ റാവു ദ്വാരകനാഥ് (81) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ദ്വാരകനാഥ് 50ലധികം ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. 1942 ഓഗസ്റ്റ് 19 ന് മൈസൂരു ജില്ലയിലെ ഹുന്‍സൂരില്‍ ജനിച്ച ദ്വാരകീഷ് ഹാസ്യ വേഷങ്ങളിലൂടെയാണ് ശ്രദ്ധേയനായത്.
പ്രശസ്ത ഹിന്ദി പിന്നണി ഗായകന്‍ കിഷോര്‍ കുമാറിനെ കന്നഡ സിനിമാ വ്യവസായത്തിന് പരിചയപ്പെടുത്തിയത് ദ്വാരകീഷ് ആണ്. മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമ കരസ്ഥമാക്കിയ ദ്വാരകീഷ് 1966 ല്‍ തുംഗ പിക്ചേഴ്സിന്റെ ബാനറില്‍ മമതേയ ബന്ധന നിര്‍മ്മിച്ചു കൊണ്ടാണ് സിനിമാലോകത്തേയ്ക്ക് അരങ്ങേറ്റം കുറിച്ചത്.
മേയര്‍ മുത്തണ്ണ എന്ന ചിത്രത്തിലൂടെ നിര്‍മ്മാതാവ് എന്ന നിലയില്‍ അദ്ദേഹം വലിയ വിജയം നേടി. കന്നഡ നടന്‍ ഡോ. രാജ്കുമാറും ഭാരതിയുമാണ് പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്.
The post മുതിർന്ന കന്നഡ നടൻ ദ്വാരകീഷ് അന്തരിച്ചു appeared first on News Bengaluru.
Powered by WPeMatico