രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക

ബെംഗളൂരു: കോഴിക്കോട്-കൊല്ലേഗൽ ദേശീയ പാത 766ലെ രാത്രി യാത്ര നിരോധനം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സർക്കാർ അന്തിമമാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ പറഞ്ഞു. രാത്രിയുള്ള ഗതാഗത നിരോധനം പരിഹരിക്കാൻ കർണാടകയും കേരളവും ഒരുപോലെ പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ബന്ദിപ്പുർ കടുവസങ്കേതം വഴിയുള്ള കോഴിക്കോട്-കൊല്ലെഗൽ ദേശീയപാത 766-ലാണ് രാത്രിയാത്ര നിരോധനമുള്ളത്.
രാത്രി ഒമ്പതുമുതൽ രാവിലെ ആറുവരെയുള്ള നിലവിലെ യാത്രാ നിരോധനം തന്നെ ദുരിതമാണ്. ഒമ്പതു മണിക്കുശേഷം വനാതിർത്തിയിലെത്തുന്ന ബസുകളുൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കാത്തുകിടന്ന് നേരം വെളുക്കുമ്പോൾ യാത്ര തുടരുകയാണ് പതിവ്. ഈ കാത്തുകിടപ്പ്, പുതിയ നിർദേശം നടപ്പായാൽ സന്ധ്യമുതലേ വേണ്ടിവരും.
ബെംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്കുള്ള എളുപ്പവഴിയാണ് ദേശീയ പാത 766. മലപ്പുറം, വയനാട് ജില്ലകളുൾപ്പെടുന്ന മലബാർ മേഖലയിലേക്കുള്ള പ്രധാന പാതയും. കർണാടകത്തിലെ കൊല്ലെഗലിൽനിന്നും മൈസൂരു ഗുണ്ടൽപേട്ട് ബന്ദിപ്പുർ സുൽത്താൻബത്തേരി വഴി കോഴിക്കോട്ടേക്കുള്ള 272 കിലോമീറ്റർ പാതയാണിത്. ഇതിൽ കടുവസങ്കേതത്തിന്റെ ഭാഗമായ 25 കിലോമീറ്റർ ഭാഗത്താണ് രാത്രിയാത്രാ നിരോധനം.
The post രാത്രി യാത്ര നിരോധനം; ഉടൻ പരിഹാരമെന്ന് കർണാടക appeared first on News Bengaluru.