റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും
കൊച്ചി: കാസറഗോഡ് റിയാസ് മൗലവി വധക്കേസിലെ പ്രതികളെ വെറുതേവിട്ട സെഷൻസ് കോടതി ഉത്തരവ് ചോദ്യംചെയ്ത് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. 2017 മാർച്ച് 20ന് പഴയ ചൂരിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെ കൊലപ്പെടുത്തിയെന്നാണ് കേസ്. പ്രതികളായ കാസർകോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിൻകുമാർ എന്ന നിതിൻ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരെയാണു സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. ജാമ്യം ലഭിക്കാതിരുന്ന പ്രതികള്‍ കഴിഞ്ഞ 7 വർഷമായി ജുഡീഷ്യല്‍ കസ്റ്റഡിയിലായിരുന്നു.
കൊലപാതകം സംബന്ധിച്ചു പ്രതികളുടെ പങ്ക് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നു വിലയിരുത്തിയാണു പ്രതികളെ വിചാരണ കോടതി വെറുതേവിട്ടത്. അതേസമയം തെളിവ് നിയമപ്രകാരം സമര്‍പ്പിച്ച സാധുവായ വസ്തുതാപരമായ തെളിവുകളെ തള്ളിക്കളഞ്ഞുവെന്നും ഇത് തെറ്റായ നടപടിയാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടി. കേസിൽ ശാസ്ത്രീയവും ഡിജിറ്റലുമായ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നതായി അപ്പീൽ ഹർജിയിൽ പറയുന്നു. പ്രതികളെ വെറുതെ വിടാൻ കോടതി കണ്ടെത്തിയത് ദുർബലമായ കാരണങ്ങളാണ്. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നുണ്ട്.
കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചെങ്കിലും 2019-ല്‍ ആണ് വിചാരണ ആരംഭിക്കുന്നത്. കേസിൻ്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്തരിച്ചിരുന്നു. 215 രേഖകളും 45 തൊണ്ടിമുതലുകളും കോടതിയിൽ സമർപ്പിച്ചിരുന്നു. കാസറഗോഡ് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി കെ.കെ ബാലകൃഷ്ണനാണ് കേസ് പരിഗണിച്ചത്. കേസ് പരിഗണിക്കുന്ന എട്ടാമത്തെ ജഡ്ജിയായിരുന്നു കെ കെ ബാലകൃഷ്ണന്‍.
The post റിയാസ് മൗലവി വധക്കേസ്; സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും appeared first on News Bengaluru.
Powered by WPeMatico