ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു
ഒഡിഷ ബി.ജെ.പി വൈസ് പ്രസിഡന്‍റ് ലേഖശ്രീ സാമന്തസിങ്കർ ബി.ജെ.ഡിയില്‍ ചേർന്നു. തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് ബി.ജെ.ഡിയില്‍ ചേരുന്ന രണ്ടാമത്തെ ബി.ജെ.പി ഒഡിഷ വൈസ് പ്രസിഡന്‍റാണ് ലേഖശ്രീ. നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടർന്നാണ് പാർട്ടി വിടാൻ തീരുമാനിച്ചതെന്ന് സംസ്ഥാന അധ്യക്ഷന് നല്‍കിയ രാജിക്കത്തില്‍ ലേഖശ്രീ വ്യക്തമാക്കി.
കഴിഞ്ഞ 10 വർഷമായി എന്‍റെ വിയർപ്പും രക്തവും ബി.ജെ.പിക്ക് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും, എത്ര ആത്മാർഥതയും കഠിനാധ്വാനവും പ്രകടിപ്പിച്ചിട്ടും നേതൃത്വത്തിന്‍റെ വിശ്വാസം നേടിയെടുക്കാൻ എനിക്ക് കഴിഞ്ഞില്ല. അതിനാല്‍, എനിക്ക് ഒന്നും ഇവിടെ ചെയ്യാൻ ബാക്കിയില്ലെന്ന് തോന്നുന്നു. ഒഡിഷയിലെ ജനങ്ങളെ സേവിക്കാനുള്ള എന്‍റെ ആഗ്രഹം തടസ്സപ്പെടുകയാണ് -ലേഖശ്രീ കത്തില്‍ പറഞ്ഞു.
പാർട്ടി എം.പിമാരായ മനസ് മങ്കരാജ്, സസ്മിത് പത്ര എന്നിവരുടെ സാന്നിധ്യത്തിലാണ് ലേഖശ്രീ ബി.ജെ.ഡിയില്‍ ചേർന്നത്. തന്നെ സ്വീകരിച്ചതിന് ബി.ജെ.ഡിയോട് നന്ദി പറയുന്നുവെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്‍റെ വികസന പ്രവർത്തനങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് പാർട്ടിക്ക് വേണ്ടി പരമാവധി പ്രവർത്തിക്കുമെന്നും ബി.ജെ.ഡിയില്‍ ചേർന്ന ശേഷം ലേഖശ്രീ പറഞ്ഞു.
The post ലേഖശ്രീ സാമന്തസിങ്കര്‍ ബി.ജെ.ഡിയില്‍ ചേര്‍ന്നു appeared first on News Bengaluru.
Powered by WPeMatico