ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം
ബെംഗളൂരു: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 14 നിയോജക മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം. പരസ്യ പ്രചാരണങ്ങൾ ഇന്ന് സമാപിക്കും. നാളെ നിശബ്ദ പ്രചാരണമാണ്. 26നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഉഡുപ്പി-ചിക്കമഗളൂരു, ഹാസൻ, ദക്ഷിണ കന്നഡ, ചിത്രദുർഗ, തുമകൂരു, മാണ്ഡ്യ, മൈസൂരു, ചാമരാജനഗർ, ബെംഗളൂരു റൂറൽ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ചിക്കബല്ലാപുര, കോലാർ എന്നീ 14 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ് നടക്കുന്നത്.
ഇതിനോടകം ബെംഗളൂരു ഉൾപ്പെടെയുള്ള മണ്ഡലങ്ങൾ സാക്ഷിയായത് വമ്പൻ പ്രചാരണങ്ങൾക്കാണ്. ഒരുവശത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ ഉൾപ്പെടെയുള്ളവരും മറുവശത്ത് കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നീ വമ്പന്മാരും സ്ഥാനാർഥികൾക്കായി വോട്ടുപിടിത്തതിന് സജീവമായിറങ്ങി. ഇക്കുറി ജെഡിഎസ് നേതാക്കൾ എൻഡിഎ ബാനറിൽ മത്സരിക്കുന്നതിനാൽ ഇവർക്ക് വേണ്ടിയും ബിജെപി നേതാക്കൾ കച്ചകെട്ടിയിറങ്ങി.
നേതാക്കളുടെ റോഡ് ഷോയിൽ ഏർപ്പെടുത്തുന്ന ട്രാഫിക് നിയന്ത്രണങ്ങൾ കാരണം പൊതുജനങ്ങളും പൊറുതിമുട്ടി. ബിജെപി-ജെഡിഎസ് സഖ്യത്തിനും കോൺഗ്രസിനും ഒരു പോലെ നിർണായകമാണ് 14 മണ്ഡലങ്ങളും. അതുകൊണ്ടുതന്നെ പരമാവധി വോട്ടുകൾ പിടിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. പലടിടങ്ങളിലും ഇക്കുറി സഹതാപതരംഗം അലയടിക്കാൻ സാധ്യതയുണ്ട്. ലവ് ജിഹാദ്, ജലക്ഷാമം എന്നീ വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് ബിജെപി വോട്ടു
പിടിക്കുന്നതെങ്കിൽ, മോദിയുടെ നയങ്ങളും, ബില്ലുകളും ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ് പ്രചാരണം നടത്തുന്നത്. കർണാടക ഇക്കുറി സാക്ഷ്യം സഹിക്കുന്നത് ബിജെപിയും കോൺഗ്രസ്സും തമ്മിലുള്ള തുറന്ന പോരിനാണ്. ജെഡിഎസ് ബിജെപി ചേരിയിലേക്ക് വന്നതോടെ കർണാടകയിൽ ആര് വാഴും ആര് വീഴുമെന്നത് തീർത്തും സസ്പെൻസ് തന്നെയാകും.
The post ലോക്സഭ തിരഞ്ഞെടുപ്പ്; ആദ്യ ഘട്ട വോട്ടെടുപ്പുള്ള 14 മണ്ഡലങ്ങളിൽ ഇന്ന് കൊട്ടിക്കലാശം appeared first on News Bengaluru.