‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന്
ബെംഗളൂരു: മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുഗ് അര്‍ഥങ്ങള്‍ ലഭ്യമാകുന്ന ‘സമം’ (samam.net) ചതുര്‍ഭാഷ നിഘണ്ടുവിന്റെ ഓണ്‍ലൈന്‍ പതിപ്പ് പ്രകാശനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് ഡോംലൂരിലെ ബാംഗ്ലൂര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ നടക്കും. ഞാറ്റുവേല ശ്രീധരൻ തയ്യാറാക്കിയ പ്രശസ്തമായ ചതുർ ദ്രാവിഡഭാഷാ നിഘണ്ടുവിന് ഇന്‍ഡിക്ക് ഡിജിറ്റല്‍ തയ്യാറാക്കിയ ഓൺലൈൻ പതിപ്പാണ് പ്രകാശനം ചെയ്യുന്നത്. മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററുമായി സഹകരിച്ച് നടത്തുന്ന പരിപാടിയില്‍ ഇ. കെ. കുറുപ്പ് രചിച്ച ഇംഗ്ലീഷ് – മലയാളം പദസഞ്ചയം (തിസോറസ്) ഓളം നിഘണ്ടുവില്‍ ഉള്‍ക്കൊള്ളിക്കുന്നതിന്റെ പ്രഖ്യാപനവും നടത്തും. ഇന്‍ഡിക്ക് ഫൗണ്ടേഷനും മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്ററും സംയുക്തമായി നടത്തുന്ന പ്രൂഫ് റീഡിങ്ങ് പദ്ധതിയുടെ പ്രഖ്യാപനവും ചടങ്ങില്‍ ഉണ്ടാകും.
ഞാറ്റ്യേല ശ്രീധരന്‍, ഇ. കെ. കുറുപ്പ്, കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരന്‍ രാമന്തളി, കെ.കെ. ഗംഗാധരന്‍, ഭാഷാ കമ്പ്യൂട്ടിംഗ് വിദഗ്ധനും മഹര്‍ഷി ഭദ്രയാന്‍ വ്യാസ് സമ്മാന്‍ പുരസ്‌കാര ജേതാവുമായ സന്തോഷ് തോട്ടിങ്ങല്‍, എഴുത്തുകാരന്‍ ഡോ. വിനോദ് ടി.പി, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ പ്രസിഡണ്ടും ഭാഷാമയൂരം പുരസ്‌കാര ജേതാവുമായ കെ. ദാമോധരന്‍, മലയാളം മിഷന്‍ കര്‍ണാടക ചാപ്റ്റര്‍ സെക്രട്ടറി ഹിത വേണുഗോപാല്‍, ഇന്‍ഡിക്ക് ഫൗണ്ടേഷന്‍ പ്രവര്‍ത്തകരായ ഷിജു അലക്‌സ്, ജിസ്സോ ജോസ്, കൈലാഷ്‌നാഥ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മലയാളം വാക്കുകളുടെ തമിഴ്, കന്നഡ, തെലുഗ് അര്‍ഥങ്ങള്‍ എളുപ്പത്തില്‍ ലഭിക്കും വിധത്തിലാണ് സമം രൂപപ്പെടുത്തിയിരിക്കുന്നത്. ബെംഗളൂരുവിലെ മലയാളികള്‍ക്ക് മറ്റു ദക്ഷിണേന്ത്യന്‍ ഭാഷകള്‍ സംസാരിക്കുന്നവരുമായുള്ള ആശയവിനിമയത്തിന് സഹായകരമാകുന്ന രീതിയിലാണ് സമം രൂപപ്പെടുത്തിയിരിക്കുന്നത്. ചതുര്‍ ദ്രാവിഡഭാഷാ നിഘണ്ടുവിന്റെ പുസ്തകരൂപം 2022-ല്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയിരുന്നു. നിഘണ്ടുവിന്റെ കൈയെഴുത്തുപ്രതികള്‍ ഡിജിറ്റൈസ് ചെയ്തത് ഇന്‍ഡിക്ക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്റെ ‘ഗ്രന്ഥപ്പുര’ വെബ്സൈറ്റിലൂടെ റിലീസ് ചെയ്യും.
The post ‘സമം’ ചതുർഭാഷാ ഓൺലൈൻ നിഘണ്ടു പ്രകാശനം ഇന്ന് appeared first on News Bengaluru.
Powered by WPeMatico