സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍
സിദ്ധാര്‍ത്ഥന്‍റെ മരണം അന്വേഷിക്കുന്നതിന് മുന്നോടിയായി ഡൽഹിയിൽ നിന്നുള്ള സിബിഐ സംഘം കേരളത്തിലെത്തി. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിക്കുന്നതിനായാണ് സിബിഐ സംഘം കേരളത്തിലെത്തിയത്.
സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉടൻ വിജ്ഞാപനം ഇറക്കണമെന്ന് ഇന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സിബിഐ സംഘം കേരളത്തിലെത്തിയത്. വിവര ശേഖരണത്തിനുശേഷം അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിനുള്ള കേന്ദ്ര വിജ്ഞാപനം ഇറങ്ങിയേക്കുമെന്നാണ് വിവരം.
സിദ്ധാര്‍ത്ഥന്‍റെ അച്ഛൻ ജയപ്രകാശ് നല്‍കിയ ഹർജി പരിഗണിച്ചായിരുന്നു വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചത്. അന്വേഷണം വൈകുന്നത് നീതിയെ ബാധിക്കുമെന്ന് ഹൈക്കോടതി പറഞ്ഞു. സിബിഐ അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടാല്‍ എന്താണ് സാങ്കേതിക തടസമെന്നും കോടതി ചോദിച്ചു.
കേന്ദ്രസർക്കാരിന്‍റെ നിർദേശം വന്നാലേ അന്വേഷണം ഏറ്റെടുക്കാൻ കഴിയൂ എന്നാണ് സിബിഐ വ്യക്തമാക്കിയത്. സിബിഐ അന്വേഷണം പ്രഖ്യാപിച്ചതില്‍ സംസ്ഥാന സർക്കാരിനെ ഹൈക്കോടതി അഭിനന്ദിച്ചു. എന്നാല്‍, അതിന്‍റെ ബാക്കിയുള്ള കാര്യങ്ങള്‍ കൂടി സർക്കാരിന്‍റെ മേല്‍നോട്ടം വേണ്ടേയെന്ന് ചോദിച്ച കോടതി രേഖകള്‍ കൈമാറാൻ എന്തിനായിരുന്നു കാലതാമസം എന്നും ചോദിച്ചു.
കാലതാമസം ഉണ്ടായിട്ടില്ലെന്നും കേസ് വേഗത്തില്‍ സിബിഐക്ക് കൈമാറിയെന്നും സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ കേസ് കൈമാറുന്നതില്‍ ഓരോ നിമിഷം വൈകുന്നതും കേസിനെ ബാധിക്കുമെന്ന് കോടതി ചൂണ്ടിക്കാട്ടി. സിബിഐ അന്വേഷണത്തിന് എത്രയും വേഗം വിജ്ഞാപനമിറക്കണമെന്നും വിജ്ഞാപനം കേന്ദ്ര സര്‍ക്കാര്‍ ഹാജരാക്കണമെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവിടുകയായിരുന്നു.
The post സിദ്ധാര്‍ത്ഥന്‍റെ മരണം; ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം കേരളത്തില്‍ appeared first on News Bengaluru.
Powered by WPeMatico