സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്
തൃശൂര്‍: സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ്. ജില്ലാ കമ്മിറ്റി ഓഫീസിന് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യ ബ്രാഞ്ചില്‍ വെള്ളിയാഴ്ച ഇന്‍കംടാക്‌സ് ഇന്‍വെസ്റ്റിഗേഷന്‍ പരിശോധന നടത്തിയിരുന്നു. പാര്‍ട്ടി നല്‍കിയ ആദായ നികുതി റിട്ടേണില്‍ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ല. 1998ല്‍ തുടങ്ങിയ അക്കൗണ്ടില്‍ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതില്‍ ഒരു കോടി രൂപ ഫിക്‌സഡ് ഡിപ്പോസിറ്റാണ്. സി.പി.എം. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറിയെ ഇ.ഡിയും ആദായനികുതി വകുപ്പും എറണാകുളത്ത് ചോദ്യംചെയ്തതിന് സമാന്തരമായിട്ടായിരുന്നു റെയ്ഡ്.
ഈ ബാങ്കിലെ ഒരു അക്കൗണ്ടില്‍ പാര്‍ട്ടി വെളിപ്പെടുത്താത്ത 3.8 കോടി ഉണ്ടെന്നാണ് ആദായനികുതി വകുപ്പിന് കിട്ടിയ വിവരം. ഈ തുക പലതവണ അക്കൗണ്ടിലേക്ക് വരുകയും പോകുകയും ചെയ്തിട്ടുണ്ട്. ആദായനികുതി വകുപ്പിന്റെ തൃശ്ശൂര്‍ യൂണിറ്റിലെ അഞ്ച് ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ഉച്ചയ്ക്ക് 12-ന് ആരംഭിച്ച പരിശോധന രാത്രിവരെ തുടര്‍ന്നു. പരിശോധനാ സമയത്ത് ബാങ്കിന്റെ ഉന്നത ഉദ്യോഗസ്ഥരെ പുറത്തുപോകാന്‍ ആനുവദിച്ചിരുന്നില്ല.
കരുവന്നൂര്‍ ബാങ്ക് കേസില്‍ ഇഡി ചോദ്യം ചെയ്ത സിപിഎം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി എം എം വര്‍ഗീസില്‍ നിന്നും ആദായനികുതി വകുപ്പും മൊഴി എടുത്തിരുന്നു. തൃശ്ടൂരിലെ സിപിഎം അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ആദായ നികുതി വകുപ്പ് തേടിയത്. കൊച്ചിയിലെ ഇ ഡി ഓഫിസിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. സിപിഎമ്മിന്റെ രഹസ്യ അക്കൗണ്ടുകള്‍ സംബന്ധിച്ച് ഇന്നലെ ഇഡിയുടെ ചോദ്യം ചെയ്യല്‍ നടന്നിരുന്നു. ഈ വേളയിലാണ് ഇഡി ഓഫീസിലെത്തി ആദായ നികുതി വകുപ്പും വിവരങ്ങള്‍ ശേഖരിച്ചത്. സിപിഎം പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് തൃശ്ശൂരിലെ രണ്ട് ദേശസാല്‍കൃത ബാങ്കില്‍ ഐ ടി വിഭാഗം ഇന്നലെ പരിശോധനയും നടത്തിയിരുന്നു.
The post സിപിഎം തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ് appeared first on News Bengaluru.
Powered by WPeMatico