സുമലത ബിജെപിയിൽ ചേർന്നു
ബെംഗളൂരു: മാണ്ഡ്യയിലെ സിറ്റിങ് എംപിയും നടിയുമായ സുമലത അംബരീഷ് ഇനി ബിജെപിക്കൊപ്പം പ്രവർത്തിക്കും. കർണാടക മുൻ മുഖ്യമത്രി ബി. എസ്. യെദിയൂരപ്പ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബി. വൈ. വിജയേന്ദ്ര, പ്രതിപക്ഷ നേതാവ് ആർ. അശോക് എന്നിവരുൾപ്പെടെയുള്ള നേതാക്കൾ സുമലതയെ പാർട്ടി അംഗത്വം നൽകി സ്വീകരിച്ചു.
മാണ്ഡ്യ സീറ്റ് എൻഡിഎ സഖ്യകക്ഷിയായ ജെഡിഎസിന് ഒഴിഞ്ഞുകൊടുക്കുമെന്ന് സുമലത അടുത്തിടെ വ്യക്തമാക്കിയിരുന്നു. ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ എച്ച്. ഡി. കുമാരസ്വാമിയാണ് എൻഡിഎയ്ക്ക് വേണ്ടി മാണ്ഡ്യയിൽ മത്സരിക്കുന്നത്. കുമാരസ്വാമിയുടെ വിജയത്തിന് പൂർണ പിന്തുണ സുമലത പ്രഖ്യാപിച്ചിട്ടുണ്ട്.
തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണിതെന്നും, അഞ്ചു വർഷം മുൻപ് മാണ്ഡ്യ മണ്ഡലത്തിൽ ചരിത്ര വിജയം നേടിയിരുന്നെന്നും, ആ സന്ദർഭം മറക്കാനാവില്ലെന്നും സുമലത പറഞ്ഞു. മോദിയെ പ്രധാനമന്ത്രിയാക്കണം എന്ന കാഴ്ചപ്പാടോടെയാണ് ബിജെപിയിൽ ചേർന്നത്, പാർട്ടി അംഗത്വം സ്വീകരിച്ച ശേഷം സുമലത പറഞ്ഞു.
2019 ലെ തിരഞ്ഞെടുപ്പിൽ സുമലതയെ പരോക്ഷമായി പിന്തുണച്ചുകൊണ്ട് മാണ്ഡ്യയിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മാത്രമല്ല 2023 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സുമലത ബിജെപിയെ പിന്തുണച്ചിരുന്നു.
The post സുമലത ബിജെപിയിൽ ചേർന്നു appeared first on News Bengaluru.
Powered by WPeMatico