സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും
ബെംഗളൂരു: കർണാടകയിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും സൈബർ തട്ടിപ്പുമായി ബന്ധപ്പെട്ട് പരിശീലനം നൽകും. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ആധുനിക സൈബർ കുറ്റകൃത്യങ്ങൾ എന്നിവ സംസ്ഥാനത്ത് വർധിച്ചുകൊണ്ടിരിക്കുകയാണ്. ഇവ തടയുന്നത് ലക്ഷ്യമിട്ടാണ് പരിശീലനമെന്ന് ആഭ്യന്തര വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു പരിശീലനം. പ്രമുഖ രാഷ്ട്രീയക്കാരുടെ വ്യാജ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന സംഭവങ്ങൾ അടുത്തിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. നേതാക്കളുടെ വോയ്‌സ് മോഡുലേഷൻ വീഡിയോകളും ഉണ്ടായിട്ടുണ്ട്. ഇതുവരെ, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇത്തരം കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ എല്ലാത്തരം കേസുകളും നേരിടാൻ ഉദ്യോഗസ്ഥരെ ബോധവത്കരിക്കേണ്ടത് അത്യാവശ്യമാണെന്ന് തിരഞ്ഞെടുപ്പ് സ്പെഷ്യൽ ഓഫീസർ സൂര്യസെൻ പറഞ്ഞു.
നിലവിൽ സാങ്കേതിക വിദ്യ ഉൾപ്പെട്ട മുഴുവൻ കേസുകൾക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സൈബർ സുരക്ഷാ സംഘത്തിൻ്റെ സഹായമാണു തേടുന്നത്. എന്നാൽ പരിശീലനം പൂർത്തിയായാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തന്നെ കൈകാര്യം ചെയ്യും.
The post സൈബർ തട്ടിപ്പ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകും appeared first on News Bengaluru.
Powered by WPeMatico