ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം

ബെംഗളൂരു: സംസ്ഥാന പോലീസിൻ്റെ ഹൈവേ പട്രോളിംഗ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകളും, പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകളും നിർബന്ധമാക്കിയതായി സിറ്റി പോലീസ് കമ്മീഷണർ ബി. ദയാനന്ദ അറിയിച്ചു. ബംഗളൂരുവിൽ ഇതിനോടകം പോലീസ് ഉദ്യോഗസ്ഥർക്ക് ബോഡി കാമറകൾ നിർബന്ധമാക്കിയിട്ടുണ്ട്. സംസ്ഥാനത്തുടനീളം സമാന നിർദേശം നടപ്പാക്കുമെന്ന് കമ്മീഷണർ വ്യക്തമാക്കി.
പോലീസ് വാഹനങ്ങളിൽ ഡാഷ്‌ബോർഡ് കാമറകൾ ഘടിപ്പിക്കുന്നത് വഴി ഓരോ കേസുകൾക്കും വ്യക്തമായ ദൃശ്യങ്ങൾ ലഭിക്കുന്നുണ്ട്. കോടതികളിലെ വിചാരണ വേളകളിൽ പിന്നീട് ഇവ തെളിവായി ഹാജരാക്കാനും സാധിക്കും.
ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെയും അഡീഷണൽ കമ്മീഷണറുടെയും എസ്‌യുവികൾ ഉൾപ്പെടെയുള്ള പോലീസ് വാഹനങ്ങളിൽ അഞ്ഞൂറിലധികം ഡാഷ്‌ബോർഡ് കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. മറ്റു നഗരങ്ങളിലെ പൊലീസ് വാഹനങ്ങളിലേക്കും ഇവ വ്യാപിപ്പിക്കാനാണ് പദ്ധതി.
അടിയന്തരഘട്ടങ്ങളിൽ ഹൈവേ പട്രോളിംഗ് വാഹനങ്ങൾ നിർണായക പങ്കാണ് വഹിക്കുന്നത്. സംസ്ഥാനത്ത് ഇതിനോടകം ദേശീയ പാതകളിൽ 8,820 അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 2,777 പേർ മരിക്കുകയും 11,507 പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) അലോക് കുമാർ പറഞ്ഞു.
The post ഹൈവേ പട്രോളിംഗിന് ഡാഷ്ബോർഡ് കാമറകളും ബോഡി കാമറകളും നിർബന്ധം appeared first on News Bengaluru.