Follow the News Bengaluru channel on WhatsApp

എഴുത്തിൽ നിന്നും രാഷ്ട്രീയത്തെ മാറ്റി നിർത്താനാവില്ല – എം. മുകുന്ദൻ

 

ബെംഗളൂരു: എഴുത്തുകാരനെ മാറ്റി നിര്‍ത്തി ഒരു രാഷ്ട്രീയ മുന്നേറ്റം സാധ്യമല്ലെന്ന് സാഹിത്യകാരന്‍ എം.മുകുന്ദന്‍. പുരോഗമന കലാസാഹിത്യ സംഘം ബെംഗളൂരു സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പലരും പറയാറുണ്ട് എഴുത്തുകാരും രാഷ്ട്രീയ നേതാക്കളും ഒരുമിക്കരുതെന്ന്. എനിക്കെതിരെ വന്ന വിമര്‍ശനവും അതാണ്. എഴുത്തുകൊള്ളാം പക്ഷെ രാഷ്ട്രീയക്കാരോടൊപ്പമുള്ള നടത്തം വേണ്ട എന്നായിരുന്നു ഉപദേശം. പക്ഷെ ഞാനവര്‍ക്ക് കൊടുത്ത മറുപടിയുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ നേതാക്കളില്‍ ഒരാളാണ് ക്യൂബയിലെ ഫിദല്‍ കാസ്‌ട്രോ. അതുപോലെ കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും വലിയ എഴുത്തുകാരനാണ് മാര്‍ക്വേസ്. ഇവര്‍ രണ്ടു പേരും സുഹൃത്തുക്കളായിരുന്നു. മാര്‍ക്വേസിന്റെ എഴുത്തിനെ കുറിച്ച് കാസ്‌ട്രോയും അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച് മാര്‍ക്വേസും ചര്‍ച്ച ചെയ്തിരുന്നു. ഇത് സാധ്യമെങ്കില്‍ നമ്മുടെ നാട്ടിലും എഴുത്തുകാരനും രാഷ്ട്രീയക്കാരനും തമ്മില്‍ ബന്ധമാകാം. എഴുത്തില്‍ നിന്ന് രാഷ്ട്രീയത്തെ എടുത്ത് മാറ്റാന്‍ കഴിയില്ല. അതുപോലെ രാഷ്ട്രീയത്തില്‍ നിന്ന് എഴുത്തിനേയും. ഇതു രണ്ടും പരസ്പരം സമന്വയിച്ച് പ്രവര്‍ത്തിക്കേണ്ട മേഖലകളാണ്. വലിയ മുന്നേറ്റങ്ങള്‍ക്ക്, പ്രക്ഷോഭങ്ങള്‍ക്ക് എഴുത്തുകാരുണ്ടാവണം. മുകുന്ദന്‍ പറഞ്ഞു.

രാജ്യം മുഴുവന്‍ വലിയ പ്രക്ഷോഭത്തിന് ഒരുങ്ങേണ്ട സമയമാണ്. പക്ഷെ ആര് ഇതിന് നേതൃത്വം നല്‍കുമെന്നതാണ് ചോദ്യം. നമ്മുക്ക് നേതാക്കളില്ല എന്നതാണ് ഏറ്റവും വലിയ ദുരന്തം. എല്ലാ കാലത്തും വലിയ വലിയ പ്രക്ഷോഭങ്ങള്‍ നയിക്കുമ്പോള്‍ അതിന് നേതൃത്വം നല്‍കാന്‍ നേതാക്കളുണ്ടായിരുന്നു. നേതാക്കളില്ലാതെ നമുക്ക് പ്രക്ഷോഭം സാധ്യമല്ല. സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കാന്‍ ഗാന്ധിജിയുണ്ടായിരുന്നു വലിയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വംനല്‍കാന്‍ പറ്റിയ നേതാവ് ഇപ്പോഴില്ലാത്തതിനാല്‍ അതിനാല്‍ ചെറിയ ചെറിയ പ്രക്ഷോഭങ്ങള്‍ നടത്തണം. അതിന് നേതാവിന്റെ ആവശ്യമില്ല. ചെറിയ ചെറിയ അസംഖ്യം പ്രക്ഷോഭങ്ങൾക്ക് വലിയ നേതാവിന്റെ അസാന്നിധ്യത്തിലും മാറ്റത്തിന്റെ ശക്തിയാകാൻ കഴിയും. ദൈവമാകാൻ ശ്രമിച്ചാലും സാത്താനാകാൻ ശ്രമിച്ചാലും മനുഷ്യൻ പരാജയപ്പെടും, മനുഷ്യൻ ജയിക്കുന്നത് മനുഷ്യനാകുമ്പോൾ മാത്രമാണ്. ഇന്ത്യയുടെ ഭീതിദമായ വർത്തമാന അവസ്ഥയിലും നിരാശപ്പെടുന്നില്ല, എല്ലാ ഭീകര പ്രസ്ഥാനങ്ങൾക്കും ചരിത്രത്തിൽ പരാജയം അനിവാര്യമാണ്- മുകുന്ദൻ പറഞ്ഞു.

ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തില്‍ വലിയ ആശങ്കയുണ്ട്. തിരഞ്ഞെടുപ്പില്‍ പോലും പ്രതീക്ഷയില്ലാത്ത കാലമാണ് വരാന്‍ പോകുന്നത്. അധികാരം നിലനിര്‍ത്താനായി അവര്‍ ഏതറ്റം വരെയും പോകും. പ്രതീക്ഷയില്ലാത്ത കാലത്തിലേക്കാണ് നാം നീങ്ങുന്നത്. പൗരത്വ ഭേദഗതി ബില്‍ അങ്ങേയറ്റം അപകടകരമാണ്. ഇതിലൂടെ നിരവധി മനുഷ്യന്‍ അഭയാര്‍ഥികളായി അലയുന്ന കാഴ്ചയാണ് കാണാന്‍ പോകുന്നത്. വളരെയധികം അപകടകരമായ നിലയിലേക്കാണ് രാജ്യം സഞ്ചരിക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി.

എഴുത്തുകൊണ്ട് ഒരു പ്രതികരണവുമില്ലെന്നാണ് ചിലര്‍ പറയുന്നത്. അത് എത്രമാത്രം ശരിയാണെന്ന് സംശയമാണ്. എഴുത്തുകാരനെ ബഹുമാനിക്കുന്ന സമൂഹമുണ്ട്. സര്‍ക്കാരുണ്ട്. നവകേരള സദസിന് തന്നെ ക്ഷണിച്ചു. എഴുത്തുകാര്‍ ഭൂരിഭാഗവും ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നവരാണ്. പക്ഷേ, അവരുടെ എഴുത്ത് ഇടതുപക്ഷത്തിന്റെ കൂടെയില്ല. അതാണ് ഇന്നത്തെ വ്യത്യാസം. തകഴിയൊന്നും അങ്ങനെയായിരുന്നില്ല. എഴുത്താണ് ഇടതുപക്ഷത്ത് നില്‍ക്കേണ്ടത്. എഴുത്തുകാരന്‍ വലതുപക്ഷത്തേുപോയാലും പ്രശ്‌നമില്ല. എഴുത്തുകാര്‍ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കണം. സംഘപരിവാറിന് ഒരെഴുത്തുകാരനും കൂടെയുണ്ടെന്ന് പറയാനാവില്ല. അതാണ് സന്തോഷം. അത് നമ്മുടെ വിജയം. മതരാഷ്ട്ര സങ്കല്‍പ്പം പ്രചരിപ്പിക്കപ്പെടുന്നു. ആയിരക്കണക്കിന് ഭാഷകളുണ്ടിവിടെ. വൈവിധ്യമുള്ള രാജ്യം. ഏകശിലാരൂപത്തിലുള്ള രാഷ്ട്രം. അത് ശരിയല്ല. ഇപ്പോള്‍ രാജ്യങ്ങള്‍ തന്നെ പരസ്പരം സഞ്ചരിക്കുന്നു. അതിനിടയില്‍ എങ്ങനെയാണ് മതരാഷ്ട്രം സാധിക്കുക?. നിര്‍മിത ബുദ്ധിക്ക് എന്തു മതരാഷ്ട്രം?. നോം ചോംസ്‌കി പറഞ്ഞതുപോലെ ഭയക്കേണ്ടതില്ല. അതിന് ഭാവന ചെയ്യാന്‍ കഴിയില്ല. സൃഷ്ടിക്കാന്‍ കഴിവില്ല. മുകുന്ദന്‍ പറഞ്ഞു.

ഉദ്ഘാടന സെമിനാറില്‍ ‘പുരോഗമന സാഹിത്യത്തിന്റെ പരിപ്രേക്ഷ്യം’ എന്ന വിഷയത്തില്‍ അശോകന്‍ ചരുവില്‍ പ്രഭാഷണം നടത്തി. സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുദേവന്‍ പുത്തന്‍ചിറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ആര്‍ വി ആചാരി, ഡെന്നിസ് പോള്‍, കെ ആർ കിഷോർ, കെ പി ശശിധരന്‍, മുഹമ്മദ് കുനിങ്ങാട്, തങ്കച്ചന്‍ പന്തളം എന്നിവര്‍ സംസാരിച്ചു. സമ്മേളനം തിരഞ്ഞെടുത്ത പുതിയ ഭാരവാഹികളുടെയും കമ്മിറ്റി അംഗങ്ങളുടെയും പേരുകള്‍ അശോകന്‍ ചരുവില്‍ പ്രഖ്യാപിച്ചു. ബി.എസ് ഉണ്ണികൃഷ്ണന്‍ ആമുഖം നല്‍കി. പുകസയുടെ ഗായക സംഘം ആലപിച്ച നവോത്ഥാനഗാനത്തോടെയാണ് സമ്മേളനത്തിന് തുടക്കമായത്.

തുടര്‍ന്ന് നടന്ന വനിതാ സെമിനാറില്‍ ‘സാംസ്‌കാരിക അധിനിവേശം, എഴുത്തിലെ പ്രതിരോധം’ എന്ന വിഷയം ഡോ മിനി പ്രസാദ് അവതരിപ്പിച്ചു. കവി ബിലു പത്മിനി നാരായണന്‍ അധ്യക്ഷയായി. ഇന്ദിരാബാലന്‍, രമ പ്രസന്ന, എന്നിവര്‍ അനുബന്ധ ചര്‍ച്ചയില്‍ സംസാരിച്ചു. രതി സുരേഷ് ആമുഖവും അര്‍ച്ചന സുനില്‍ നന്ദിയും പറഞ്ഞു. സതീഷ് തോട്ടശ്ശേരി രചിച്ച പവിഴമല്ലി പൂക്കും കാലം എന്ന ചെറുകഥാ സമാഹാരം എം മുകുന്ദൻ അശോകൻ ചരുവിലിന് നൽകി പ്രകാശനം നടത്തി.

മലയാള കവിതയുടെ പോയ നൂറ്റാണ്ടിലെ ഭാവുകത്വ പരിണാമങ്ങൾ ഉൾക്കൊള്ളിച്ച കാവ്യമാലിക പരിപാടിയില്‍ ജിനു. കെ. മാത്യൂ, സ്മിത വത്സല, സംഗീത, രതി സുരേഷ്, കെ. ദാമോദരൻ, ഇന്ദിരാ ബാലൻ, രമാ പ്രസന്ന, മോഹൻ ദാസ്, സതീഷ് തോട്ടശ്ശരി, ടി. കെ സുജിത്, അജീഷ് പുഞ്ചൻ, അർച്ചന സുനിൽ, വേലു ഹരിദാസ്, റമീസ് തോന്നക്കൽ, പ്രതിഭാ പി. പി എന്നിവർ വിവിധ കവിതകൾ ആലപിച്ചു. കെ ആർ കിഷോർ, ഗീത നാരായണൻ, ധ്യാൻ എന്നിവർ നേതൃത്വം നൽകി. തുടര്‍ന്ന് കോക്കാട് നാരായണൻ അഭിനയിച്ച പയ്യന്നുർ ഫ്രണ്ട് സ്റ്റേജിന്റെ കണ്ണിന്റെ കണക്ക് എന്ന ഏകപാത്ര നാടകം അരങ്ങേറി.

▪️ ചിത്രങ്ങള്‍ ▪️ 

സദസ്സ്
വനിതാ സെമിനാറിൽ ഡോ. മിനി പ്രസാദ്
പവിഴമല്ലി പൂക്കും കാലം- പ്രകാശനം
കാവ്യമാലിക
കണ്ണിന്റെ കണക്ക്- ഏകപാത്ര നാടകത്തില്‍ നിന്ന് 

ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാംLeave A Reply

Your email address will not be published.