ക്ഷേത്രത്തിൽ കയറിയതിന് ദളിത് ബാലനെ മർദിച്ചു
ബെംഗളൂരു: കർണാടകയിലെ ഹാസൻ ചന്നരായപട്ടണയില്‍ ക്ഷേത്രത്തിൽ കയറിയ ദളിത് ബാലന് മർദനമേറ്റു. തുമകൂരു സ്വദേശിയായ 15 – കാരനാണ് മർദനമേറ്റത്. പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ നാലുപേർക്കെതിരെ പോലീസ് കേസെടുത്തു.
വെള്ളിയാഴ്ച്ചയാണ് സംഭവം. ചന്നരായപട്ടണയിലെ ബന്ധുവീട്ടിലെത്തിയ കുട്ടി കുടുംബത്തോടൊപ്പം പ്രാർഥനക്കെത്തിയപ്പോഴായിരുന്നു സംഭവം. പ്രാർഥിച്ച് പുറത്തിറങ്ങുന്നതിനിടെ ചിലർ കുട്ടിയേയും ബന്ധുക്കളേയും തടഞ്ഞു നിർത്തുകയും ജാതി പേര് വിളിച്ച് ആക്ഷേപിക്കുകയും കുട്ടിയെ മർദിക്കുകയുമായിരുന്നു. കുട്ടിയുടെ ബന്ധുവിൻ്റെ പരാതിയിൽ വധശ്രമം, പട്ടിക ജാതി – പട്ടികവർഗ വിഭാഗങ്ങൾക്കെതിരായ അതിക്രമം എന്നീ വകുപ്പുകൾ ചേർത്ത് നാഗ്ഗെഹള്ളി പോലീസ് കേസ് എടുത്തിട്ടുണ്ട്.