ചരക്ക് ലോറി മിനിട്രക്കുമായി കൂട്ടിയിടിച്ച് അപകടം; സ്ത്രീകളും കുട്ടികളുമടക്കം എട്ടു പേര്‍ മരിച്ചു
ഛത്തീസ്ഗഡിലെ ബെമെതാര ജില്ലയില്‍ ചരക്ക് ലോറി മിനി ട്രക്കുമായി കൂട്ടിയിടിച്ച് അഞ്ച് സ്ത്രീകളും മൂന്ന് കുട്ടികളും മരിച്ചു. അപകടത്തില്‍ 23പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ഭൂരി നിഷാദ് (50), നീര സാഹു (55), ഗീത സാഹു (60), അഗ്‌നിയ സാഹു (60), ഖുശ്ബു സാഹു (39), മധു സാഹു (5), റികേഷ് നിഷാദ് (6), ട്വിങ്കിള്‍ നിഷാദ് (6) എന്നിവരാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി കാതിയ ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്.
കുടുംബചടങ്ങില്‍ പങ്കെടുത്തു മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു. മരിച്ചവരെല്ലാം പത്താര ഗ്രാമത്തിലുള്ളവരാണ്. തിരയ്യ ഗ്രാമത്തിലെ കുടുംബ ചടങ്ങില്‍ പങ്കെടുക്കാനായി എത്തിയവരായിരുന്നു ഇവരെന്നും പോലീസ് പറയുന്നു.
റോഡരികില്‍ നിർത്തിയിട്ടിരുന്ന മിനി ട്രക്കില്‍ ചരക്ക് വാഹനം ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ രണ്ട് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ നാല് പേരെ ഓള്‍ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയൻസസ് റായ്പൂരിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥർ അറിയിച്ചു.