സ്ഥാനാര്‍ഥിക്കെതിരെ വ്യാജ പ്രചാരണം; മോദിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്
സ്ഥാനാർഥിക്കെതിരെ വ്യാജ പ്രചാരണം നടത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിനുമെതിരെ പരാതി നല്‍കി കോണ്‍ഗ്രസ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രമേഷ് വെർമ മുമ്പാകെയാണ് ഗോവ കോണ്‍ഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് പേജുള്ള പരാതി സമർപ്പിച്ചത്.
കൂടാതെ, നിരവധി ബിജെപി നേതാക്കള്‍ക്കുമെതിരെ പാർട്ടി പരാതി നല്‍കിയിട്ടുണ്ട്. ദക്ഷിണ ഗോവ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാർഥി വിരിറ്റോ ഫെർണാണ്ടസിനെതിരെയാണ് മോദിയും സാവന്തും വ്യാജ പ്രചാരണ നടത്തിയത്. ഫെർണാണ്ടസ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടർത്തിയെടുത്താണ് വ്യാജ പ്രചാരണം.
ഈ ഭാഗങ്ങള്‍ ഉപയോഗിച്ച് തങ്ങളുടെ സ്ഥാനാർഥിക്ക് ഭരണഘടനയോട് ബഹുമാനമില്ലെന്ന് വരുത്തി തീർക്കാനാണ് ബി.ജെ.പി ശ്രമമെന്ന് കോണ്‍ഗ്രസ് പരാതിയില്‍ പറയുന്നുണ്ട്. തിരഞ്ഞെടുപ്പ് കമീഷൻ മുമ്പാകെയാണ് ഗോവ കോണ്‍ഗ്രസ് അധ്യക്ഷൻ അമിത് പതാക്കർ മൂന്ന് പേജുള്ള പരാതി സമർപ്പിച്ചത്.