Home page lead banner

കത്തിക്കാളുന്ന വേനൽചൂട്: ആരോഗ്യ സംരക്ഷണ മാർഗങ്ങൾ

ഡോ. കീര്‍ത്തി പ്രഭ

Post ad banner after image

വേനൽചൂട് കനക്കുകയാണ്.
ശാരീരിക ആരോഗ്യത്തെക്കുറിച്ചും ചർമ്മത്തെക്കുറിച്ചുമൊക്കെ നമ്മളും അടുത്തിടെയായി ഏറെ ആകുലരാണ്. 2000 മുതൽ 2004 വരെ 65 വയസ്സിനു മുകളിലുള്ള മുതിർന്നവരിൽ ഉഷ്ണം മൂലം ഇന്ത്യയിൽ 20000 മരണങ്ങൾ റിപ്പോർട്ട്‌ ചെയ്തു എങ്കിൽ 2017 മുതൽ 2021 വരെ അത്‌ 31000 ആയി ഉയർന്നു. ആഗോളതലത്തിൽ നോക്കുകയാണെങ്കിൽ 2000 മുതൽ2004 വരെ 65 വയസ്സിനു മുകളിലുള്ളവരിൽ 1.9 ലക്ഷം പേർ മരണമടഞ്ഞു.2017 -2021 കാലഘട്ടത്തിൽ ഇത് 3.10 ലക്ഷമായി ഉയർന്നു.

ഈ കടുത്ത ചൂടിനെ ഏറ്റവും ലളിതമായി നമുക്ക് എങ്ങനെയൊക്കെ പ്രതിരോധിക്കാം.

ചൂട് കൂടുമ്പോൾ പലതരം സാംക്രമിക രോഗങ്ങളും മറ്റ് അസുഖങ്ങളും ഉണ്ടാവാൻ സാധ്യത ഏറെയാണ്. മൂത്രത്തിൽ പഴുപ്പ്, മൂത്രത്തിൽ കല്ല്, തൊലിപ്പുറത്ത് ഉണ്ടാകുന്ന രോഗങ്ങൾ, ചിക്കൻപോക്സ് പോലെയുള്ള സാംക്രമികരോഗങ്ങൾ, ചെങ്കണ്ണ് പോലെ കണ്ണിനുണ്ടാവുന്ന ഇൻഫെക്ഷനുകൾ ഇങ്ങനെ പലതരം രോഗങ്ങളാണ് ഈ ചൂടുകാലത്ത് നമ്മളെ അലട്ടാൻ പോകുന്നത്. അമിതമായ ചൂട് ഏൽക്കുമ്പോൾ മരണത്തിന് വരെ കാരണമായെക്കാവുന്ന ഹീറ്റ് സ്ട്രോക്ക് പോലെയുള്ള അസുഖങ്ങളും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഇത്തരം പ്രശ്നങ്ങൾ നേരിടാൻ നമുക്ക് എന്തൊക്കെ ചെയ്യാൻ സാധിക്കും എന്ന് നോക്കാം.

ഏറ്റവും ലളിതമായ മാർഗങ്ങളിൽ നിന്ന് തുടങ്ങാം.
ഒന്നാമതായി 11 മണിമുതൽ മൂന്നുമണിവരെയുള്ള വെയിൽ അധികം കൊള്ളാതിരിക്കാൻ ശ്രദ്ധിക്കുക. വെയിൽ കൊള്ളുന്നുണ്ടെങ്കിൽ സൺ പ്രൊട്ടക്ഷൻ ഫാക്ടർ അഥവാ SPF 15 ന് മുകളിലുള്ള ഒരു സൺ പ്രൊട്ടക്ഷൻ ക്രീം അഥവാ സൺസ്ക്രീൻ ലോഷൻ ഉപയോഗിക്കേണ്ടതാണ്. സൂര്യപ്രകാശം ഏൽക്കാൻ സാധ്യതയുള്ള മുഖം, കഴുത്ത്, കൈകൾ, കാലുകൾ ഇവയിലൊക്കെ സൺസ്ക്രീൻ പുരട്ടേണ്ടതാണ്.അല്ലെങ്കിൽ ആ സമയത്തുള്ള വെയിൽ അധികമായി കൊണ്ടാൽ നമുക്ക് പൊള്ളലേൽക്കാനും സൂര്യാഘാതം ഏൽക്കാനുമുള്ള സാധ്യതയുണ്ട്.

ഇനി നമുക്ക് നമ്മുടെ ശരീരത്തിലെ നിർജലീകരണം തടയാനും ചൂടിനെ പ്രതിരോധിക്കാനും ഉള്ള മാർഗ്ഗം എന്നത് വെള്ളം കുടിയാണ്. എത്ര വെള്ളം കുടിക്കണം എന്നുള്ളത് ഇന്നും ഒരു തർക്കവിഷയം ആണെങ്കിലും മൂന്നു മുതൽ നാലു ലിറ്റർ വരെ വെള്ളം ദിവസവും കുടിക്കുന്നത് ഒരു മനുഷ്യന്റെ പ്രതിരോധശേഷിയും ഹൃദയാരോഗ്യവും ചർമ്മത്തിന്റെ ആരോഗ്യവും ശരീരത്തിന്റെ പൊതുവായ ആരോഗ്യവും ഒക്കെ നിലനിർത്താൻ ആവശ്യമാണ് എന്ന് പഠനങ്ങൾ പറയുന്നു. ചൂടുകാലത്ത് ചിലപ്പോൾ നമ്മുടെ ശരീരത്തിന് ഇതിൽ അധികം വെള്ളം ആവശ്യമായി വന്നേക്കാം.അതിന് കാരണം വിയർപ്പും ചൂടും കാരണം ഒരുപാട് ജലം നമ്മുടെ ശരീരത്തിൽ നിന്നും നഷ്ടപ്പെട്ടു പോകുന്നുണ്ട് എന്നതാണ്.

കർഷകർക്കും നിർമാണതൊഴിലാളികൾക്കും വെയിലത്ത് ജോലി എടുക്കുന്ന ആൾക്കാർക്കും ഒക്കെ അതിലും അധികം ജലം അവരുടെ ശരീരത്തിന് ആവശ്യമായി വന്നേക്കാം. ദാഹിക്കുമ്പോൾ കുടിക്കുക എന്നത് പ്രവർത്തികമായേക്കില്ല. കാരണം ദാഹം അറിയാനുള്ള കഴിവ് പ്രായത്തിനനുസരിച്ചും മനുഷ്യന്റെ ശരീരത്തിനനുസരിച്ചും വ്യത്യാസപ്പെടാം. മൂത്രത്തിന് നേരിയ മഞ്ഞനിറം മാത്രമേ ഉണ്ടാകാവൂ. കുടിക്കുന്ന വെള്ളത്തിന്റെ അളവ് കുറഞ്ഞാൽ മൂത്രം കടുത്ത മഞ്ഞ നിറത്തിലാണ് പോവുക. അതിനനുസരിച്ച് വെള്ളം കുടിക്കുക. ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, ഓറഞ്ച്, മുസംബി പോലെയുള്ള പഴവർഗ്ഗങ്ങളും കക്കിരിക്ക, വെള്ളരിക്ക, ക്യാരറ്റ് തുടങ്ങിയ ശുദ്ധമായ പച്ചക്കറികളും അവയുടെ ജ്യൂസും കുടിക്കുന്നത് നല്ലതാണ്. ചെറുതായി ഉപ്പിട്ട കഞ്ഞി വെള്ളം, സംഭാരം, ഇളനീർ ഇതൊക്കെയും ശരീരത്തിന്റെ ജലാംശവും ആരോഗ്യവും നിലനിർത്താൻ നമുക്ക് കുടിക്കാം. കുടിക്കുന്ന വെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.ജ്യൂസ്, സംഭാരം ഇങ്ങനെയുള്ള പാനീയങ്ങൾ പുറത്തുനിന്നും കുടിക്കുകയാണെങ്കിൽ അത് ശുദ്ധജലം കൊണ്ട് അല്ലെങ്കിൽ തിളപ്പിച്ചാറിയ വെള്ളം കൊണ്ട് ഉണ്ടാക്കിയിട്ടുള്ളത് ആണോ അല്ലയോ എന്ന് നമുക്ക് പറയാൻ സാധിക്കില്ല. മഞ്ഞപ്പിത്തം, വയറിളക്കം പോലെയുള്ള രോഗങ്ങൾ ഒക്കെ ഈ സമയത്ത് വ്യാപകമാകാറുണ്ട്. അതുകൊണ്ടുതന്നെ ശുചിയായ ഭക്ഷണവും പാനീയങ്ങളും ഉപയോഗിക്കാൻ ശ്രദ്ധിക്കുക.മദ്യം, സോഫ്റ്റ് ഡ്രിങ്ക്‌സ്, കാർബൊണേറ്റട് ഡ്രിങ്ക്‌സ് പോലെയുള്ള പാനീയങ്ങൾ ശരീരത്തിന്റെ നിർജലീകരണ സാധ്യത കൂട്ടുമെന്നതിനാൽ അവ ഉപയോഗിക്കാതിരിക്കുക.

സ്കൂളുകളിലൊക്കെ വാട്ടർബെൽ സംവിധാനങ്ങൾ ഇപ്പോൾ നടപ്പിലാക്കാൻ തുടങ്ങിയിട്ടുണ്ട്.വെള്ളം കുടിക്കുവാനായി കൃത്യമായ ഇടവേളകളിൽ ബെല്ലടിക്കുക എന്നതാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. അത് എല്ലാ സ്കൂളുകളിലേക്കും ഓഫീസ് സംവിധാനങ്ങളിലേക്ക് ഒക്കെ വ്യാപകമാക്കാം. വെള്ളം കുടിക്കുന്ന ശീലം മെച്ചപ്പെടുത്താൻ അത് വളരെയധികം ഉപകരിക്കും.

ചർമം വരണ്ട് പോവുക, ക്ഷീണം, അതിയായ ദാഹം തുടങ്ങിയവയൊക്കെ നിർജലീകരണത്തിന്റെ ആദ്യ ലക്ഷണങ്ങൾ ആണ്. അത്‌ ശ്രദ്ധിച്ചില്ലായെങ്കിൽ കഠിനമായ പ്രത്യാഘാതങ്ങൾ ഉണ്ടാകാം. അങ്ങനെ വരുമ്പോൾ തലവേദന, തലകറക്കം, കൊച്ചിപ്പിടുത്തം തുടങ്ങി മാരകമായ അവസ്ഥയിലേക്കും പോകാം. അതുകൊണ്ട് തന്നെ നിർജലീകരണ സാദ്ധ്യതകൾ കാണുകയാണെങ്കിൽ ORS ലായനി ഉപയോഗിക്കുകയും ആവശ്യമാണെങ്കിൽ വൈദ്യ സഹായം തേടുകയും ചെയ്യണം.

ദിവസം രണ്ട് നേരമെങ്കിലും കുളിക്കുന്നത് നല്ലതാണ്.കുളിക്കുമ്പോൾ ഉപയോഗിക്കുന്ന സോപ്പ് വീര്യം കുറഞ്ഞതാവാൻ ശ്രദ്ധിക്കണം. അതുപോലെ തന്നെ ഒരുപാട് അമിതമായി സോപ്പ് ഉപയോഗിച്ച് കുളിക്കാതിരിക്കുക.

ഇളം നിറമുള്ള നേർത്ത വസ്ത്രങ്ങൾ ധരിക്കുന്നതാണ് ചൂടുകാലത്ത് നല്ലത്. കടും നിറമുള്ള വസ്ത്രങ്ങൾ ചൂടിനെ ആഗിരണം ചെയ്യുകയും ശരീരത്തിന്റെ ചൂട് വർദ്ധിപ്പിക്കുകയും ചെയ്യും. അടിവസ്ത്രങ്ങളൊക്കെ നന്നായി വിയർക്കുന്നുണ്ട് എങ്കിൽ അതിനനുസരിച്ച് മാറ്റാൻ ശ്രദ്ധിക്കുക. കാരണം ഫംഗൽ ഇൻഫെക്ഷനുകൾ ഒക്കെ ഈ സമയത്ത് ഉണ്ടാവാൻ സാധ്യതയുണ്ട്.

സാംക്രമിക രോഗങ്ങൾ പിടിപെടാതിരിക്കാൻ ഉള്ള മുൻകരുതലുകൾ എടുക്കുക എന്നതും പ്രധാനമാണ്. ചിക്കൻപോക്സ് പോലെയുള്ള അസുഖം ഉള്ളവരിൽ നിന്നും നിശ്ചിത അകലം പാലിക്കുകയും അവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതിരിക്കുകയും ചെയ്യുക. ചിക്കൻപോക്സ് ഉള്ള ഒരാൾ തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ വായുവിലൂടെയും രോഗബാധിതനായ വ്യക്തിയുടെ കുമിളകളിൽ നിന്നുള്ള ദ്രാവകങ്ങളുമായി സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് മുഖ്യമായും ചിക്കൻപോക്സ് പടരുന്നത്. ഇതുവരെ ചിക്കൻപോക്സ് പിടിപെട്ടിട്ടില്ലാത്തവർ, വാരിസെല്ല-സോസ്റ്റർ വൈറസിനെതിരെ ഇതുവരെ വാക്സിനേഷൻ എടുത്തിട്ടില്ലാത്തവർ, ഗർഭിണികൾ, നവജാത ശിശുക്കൾ, കുറഞ്ഞ രോഗ പ്രതിരോധശേഷി ഉള്ള വ്യക്തികൾ, ഉദാഹരണത്തിന് കാൻസർ ചികിത്സയിൽ കഴിയുന്നവർ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവർ, കടുത്ത ആസ്ത്മ ബാധിച്ച് ചികിത്സയിൽ കഴിയുന്നവർ എച്ച്ഐവി/എയ്ഡ്സ് അല്ലെങ്കിൽ മറ്റ് വിട്ടുമാറാത്ത മെഡിക്കൽ അവസ്ഥ ഉള്ളവർ ഇവർക്കൊക്കെയും ചിക്കൻ പോക്സ് ബാധിച്ചവരിൽ നിന്നും അണുബാധ പകരാനുള്ള സാധ്യത കൂടുതലാണ്.

ചിക്കൻപോക്സ് പിടിപെട്ട ആളുകളും അവരെ ശുശ്രൂഷിക്കുന്ന വ്യക്തികളും ഇടയ്ക്കിടയ്ക്ക് കൈ കഴുകേണ്ടതാണ്. തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർക്ക് മുഖം മറയ്ക്കുകയോ മാസ്ക് ഉപയോഗിക്കുകയോ ചെയ്യാം. ചിക്കൻപോക്സ് പിടിപെട്ട ആളുകൾ പൊതുസ്ഥലങ്ങളിൽ നിന്നും മാറി നിൽക്കാനും നേരത്തെ പറഞ്ഞതുപോലെയുള്ള പ്രതിരോധശക്തി കുറവുള്ളവരിൽ നിന്നും അകന്നു നിൽക്കാനും ശ്രദ്ധിക്കുക.

ചിക്കൻപോക്സിന്റെ ലക്ഷണങ്ങളെ നിയന്ത്രിക്കാൻ ശരീരത്തിലെ ദ്രാവക ഉപയോഗത്തിലൂടെ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതും പ്രധാനമാണ്.

മൂത്രത്തിൽ കല്ല് മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ യൂറിനറി ഇൻഫെക്ഷൻ പോലെയുള്ള അവസ്ഥകൾ ഒക്കെ പ്രതിരോധിക്കാൻ വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്.
Post Box Bottom AD1
Post Box Bottom AD3
Post Box Bottom AD4

ഞങ്ങളുടെ Facebook ലും Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം
ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ
ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444

ശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.


Leave a comment
error: Content is protected !!