കണ്ണൂരിൽ സ്വകാര്യ വ്യക്തിയുടെ പാടത്ത് ഉഗ്രശേഷിയുള്ള 9 ബോംബുകള്‍ കണ്ടെത്തി
കണ്ണൂര്‍: കണ്ണൂർ മട്ടന്നൂർ കോളാരിയിൽ ഒൻപത് സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു. സ്വകാര്യ വ്യക്തിയുടെ പാടത്താണ് രണ്ട് ബക്കറ്റിലായി സൂക്ഷിച്ച ബോംബുകൾ കണ്ടെത്തിയത്. വയലിൽ പുല്ലരിയാൻ പോയ സ്ത്രീ ബോംബുകൾ കണ്ട് നാട്ടുകാരെയും അവർ പോലീസിലും അറിയിക്കുകയായിരുന്നു. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി നിർവീര്യമാക്കി. ആർഎസ് എസ് കേന്ദ്രത്തിലാണ് ബോംബ് പിടികൂടിയതെന്നും സമഗ്ര അന്വേഷണം വേണമെന്നും സിപിഎം ആവശ്യപ്പെട്ടു. പെയിന്‍റ് ബക്കറ്റുകള്‍ക്കുള്ളിലായിരുന്നു ബോംബുകളുണ്ടായിരുന്നത്.
ഈ മേഖലയില്‍ ആര്‍എസ്എസിന്റെ കാര്യാലയം പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് ആര്‍എസ്എസിന്റെ ശക്തി കേന്ദ്രമാണെന്നും ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചു. എന്നാല്‍ ഇതുവരെ പൊലീസ് ഈ ആരോപണം സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം നടന്നുവരികയാണ്. ബോംബുകള്‍ ഈ അടുത്ത കാലത്ത് തന്നെ നിര്‍മിച്ചതാണെന്നാണ് പോലീസ് നല്‍കുന്ന വിവരം. ബോംബ് നിര്‍മാണത്തിന് പിന്നില്‍ ആരാണെന്നും ഇവരുടെ ലക്ഷ്യമെന്താണെന്നും കണ്ടെത്താന്‍ പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.