ലോക്സഭ തിരഞ്ഞെടുപ്പ്; പരസ്യ പ്രചാരണത്തിന് സമാപനം, നാളെ നിശബ്ദ പ്രചാരണം

ബെംഗളൂരു: ഏപ്രിൽ 26ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന കർണാടകയിലെ 14 ലോക്‌സഭാ സീറ്റുകളിലേക്കുള്ള പരസ്യ പ്രചാരണത്തിന് ഇന്ന് സമാപനം. ദക്ഷിണ കന്നഡ, ഉഡുപ്പി-ചിക്കമഗളൂരു, കുടക് -മൈസൂരു, ഹാസൻ, തുമകൂരു, ചിത്രദുർഗ, ചാമരാജനഗർ, മാണ്ഡ്യ, കോലാർ, ചിക്കബല്ലപുർ, ബെംഗളൂരു നോർത്ത്, ബെംഗളൂരു സൗത്ത്, ബെംഗളൂരു സെൻട്രൽ, ബെംഗളൂരു റൂറൽ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച വോട്ടെടുപ്പ്. നാളെ നിശബ്ദ പ്രചാരണം നടക്കും.
കോൺഗ്രസ്, ബി.ജെ.പി, ജെ.ഡി.എസ്, സി.പി.എം പാർട്ടികളുടെ സ്ഥാനാർഥികളും സ്വതന്ത്രരും ഉൾപ്പെടെ 247 പേരാണ് 14 മണ്ഡലങ്ങളിൽ മത്സരരംഗത്തുള്ളത്. ഇതിൽ 21 പേർ വനിതകളാണ്. രണ്ടാം ഘട്ടത്തിൽ 227 സ്ഥാനാർഥികളാണ് മത്സരിക്കുക. സംസ്ഥാനത്ത് ഭരണകക്ഷിയായ കോൺഗ്രസും ബിജെപി-ജെഡിഎസ് സഖ്യവും തമ്മിലുള്ള നേരിട്ടുള്ള മത്സരമാണ് ഇത്തവണ കാണാൻ സാധിക്കുക. ആദ്യഘട്ടത്തിൽ കോൺഗ്രസ് 14 സീറ്റുകളിലും മത്സരിക്കുമ്പോൾ ബിജെപി 11 ഇടത്തും സഖ്യകക്ഷിയായ ജെഡിഎസ് ഹാസൻ, മാണ്ഡ്യ, കോലാർ എന്നീ മൂന്ന് സീറ്റുകളിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് ഏഴിനാണ് രണ്ടാം ഘട്ട വോട്ടെടുപ്പ്.
2,88,19,342 വോട്ടർമാർക്കായി 30602 പോളിങ് ബൂത്തുകൾ സജ്ജമാക്കിയിട്ടുണ്ട്. കർണാടകയിൽ മൊത്തം 5,47,72,300 വോട്ടർമാരാണുള്ളത്. ആകെ 58871 പോളിങ് ബൂത്തുകളുള്ളതിൽ 19701ബൂത്തുകളിൽ വെബ്കാസ്റ്റ് സംവിധാനമുണ്ടാവും. കഴിഞ്ഞ ഒരു മാസത്തോളമായി നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബിജെപിക്ക് വേണ്ടി റാലികളും റോഡ്‌ഷോകളും നടത്തിയപ്പോൾ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെയുള്ളവരാണ് കോൺഗ്രസിന് വേണ്ടി രംഗത്തെത്തിയത്.
മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദിയൂരപ്പ, എച്ച്.ഡി. കുമാരസ്വാമി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര എന്നിവർ ഉൾപ്പെടെ സംസ്ഥാനത്തെ നേതാക്കൾ നേതൃത്വം നൽകിയ പൊടിപാറിയ പ്രചാരണത്തിനാണ് ഇന്ന് സമാപനമായത്.