പൊതു പ്രവേശന പരീക്ഷകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ല
ബെംഗളൂരു: കർണാടക കോമൺ എൻട്രൻസ് പരീക്ഷകളിൽ (കെ-സിഇടി) സിലബസിന് പുറത്തുള്ള ചോദ്യങ്ങൾ ഉൾപെടുത്തില്ലന്ന് പരീക്ഷ അതോറിറ്റി അറിയിച്ചു. ചോദ്യപേപ്പറുകളിൽ സിലബസിനു പുറത്ത് നിന്നുള്ള ചോദ്യങ്ങൾ വരുന്നതായി വിദ്യാർഥികൾ പരാതിപ്പെട്ടതിനെ തുടർന്നാണ് നടപടി.
ഇത്തരം ചോദ്യങ്ങൾ വന്നാൽ അവ മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കി ശേഷിക്കുന്ന ചോദ്യങ്ങൾ മാത്രം വിലയിരുത്താൻ സംസ്ഥാന സർക്കാർ കർണാടക പരീക്ഷാ അതോറിറ്റിക്ക് (കെഇഎ) നിർദേശം നൽകി.
2024-ലെ ചോദ്യപേപ്പറുകളിലെ 50 ചോദ്യങ്ങൾ (ഫിസിക്സ് (9), കെമിസ്ട്രി (25), മാത്തമാറ്റിക്സ് (15), ബയോളജി (11)) മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കും. സിലബസിന് പുറത്തുള്ള ചോദ്യങ്ങളുടെ പട്ടികയ്‌ക്കൊപ്പം ഉത്തരസൂചികയും കെഇഎ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശ്രീകർ എം.എസ്. പറഞ്ഞു.
ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ, സിഇടി ചോദ്യപേപ്പറുകൾ സജ്ജീകരിക്കുന്നതിന് സമഗ്രമായ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രൂപപ്പെടുത്താൻ കെഇഎയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.