പ്രജ്വലിനെതിരെ നടക്കുന്നത് വൻ ഗൂഢാലോചനയെന്ന് മുൻ മന്ത്രി എച്ച്. ഡി. രേവണ്ണ
ബെംഗളൂരു: ഹാസൻ എം.പിയും തന്റെ മകനുമായ പ്രജ്വൽ രേവണ്ണയ്ക്കെതിരെ ഉയർന്നിട്ടുള്ള ലൈംഗികാതിക്രമണ പരാതി വൻ ഗൂഢാലോചനയുടെ ഭാഗമാണെന്ന് മുൻ മന്ത്രിയും എംഎൽഎയും ജെഡിഎസ് നേതാവുമായ എച്ച.ഡി. രേവണ്ണ. പ്രജ്വൽ രേവണ്ണയുടേതെന്ന് അവകാശപ്പെടുന്ന വീഡിയോകൾ നാലഞ്ച് കൊല്ലം പഴക്കമുള്ളവയാണെന്നും രേവണ്ണ പറഞ്ഞു.
മകനെതിരെ വൻ ഗൂഢാലോചനയാണ് നടക്കുന്നതെന്ന് അറിയാം. ഇതുകൊണ്ടൊന്നും ഭയന്ന് ഓടിപ്പോകുന്ന ഒരാളല്ല പാർട്ടിയിലുള്ളവർ. 4-5 കൊല്ലം പഴക്കമുള്ള ദൃശ്യങ്ങളാണ് നിലവിൽ പുറത്തുവിട്ടിരിക്കുന്നതെന്നും എച്ച്.ഡി. രേവണ്ണ പറഞ്ഞു. പ്രജ്വൽ എന്തായാലും വിദേശത്തേക്ക് പോകാനിരിക്കുകയായിരുന്നുവെന്നും തനിക്കെതിരേ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്യാൻ പോകുന്ന കാര്യം പ്രജ്വലിന് അറിയില്ലായിരുന്നുവെന്നും രേവണ്ണ കൂട്ടിച്ചേർത്തു.
പ്രജ്വലിനെതിരെയുള്ള വീഡിയോകൾ വൻ വിവാദമായതിനേത്തുടർന്ന് കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. തുടർന്ന് കേസിൽ എഫ്.ഐ.ആർ.രജിസ്റ്റർ ചെയ്തു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് കടക്കുകയും ചെയ്തിരുന്നു.