ഊട്ടി-കൊടൈക്കനാല്‍ യാത്രകൾക്ക് മെയ് മുതൽ പാസ് നിർബന്ധം
ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി മദ്രാസ് ഹൈക്കോടതി. മെയ് 7 മുതല്‍ ജൂണ്‍ 30 വരെ ഇ – പാസ് ഏര്‍പ്പെടുത്താനാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.
പരിസ്ഥിതി ലോല പ്രദേശങ്ങളായ നീലഗിരി ജില്ലയിലെ ഉദഗമണ്ഡലം (ഊട്ടി), ദിണ്ടിഗല്‍ ജില്ലയിലെ കൊടൈക്കനാല്‍ എന്നിവിടങ്ങളില്‍ വിനോദ സഞ്ചാരത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.
മേയ് ഏഴിനും ജൂൺ 30നുമിടയിൽ ഊട്ടിയോ കൊടൈക്കനാലോ സന്ദർശിക്കാൻ ഉദ്ദേശിക്കുന്നവർ മുൻകൂറായി ഇ – പാസ് എടുക്കേണ്ടി വരും. ഉത്തരവ് താത്കാലികമാണെങ്കിലും, വിഷയം അടുത്ത തവണ പരിഗണിക്കുമ്പോൾ തുടർ നടപടികളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും. ഊട്ടി പുഷ്പമേള മെയ് പത്തിന് ആരംഭിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.