10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭാ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീല്‍ നോട്ടീസ് അയച്ചു
10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ശോഭ സുരേന്ദ്രന് ഗോകുലം ഗോപാലൻ വക്കീല്‍ നോട്ടീസ് അയച്ചു. വാർത്താ സമ്മേളനത്തില്‍ ശോഭാ സുരേന്ദ്രൻ തനിക്കെതിരെ തെറ്റായ ആരോപണങ്ങള്‍ ഉന്നയിച്ചെന്ന് ഗോകുലം ഗോപാലൻ അയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നു. ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് എതിരെ നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ശോഭ സുരേന്ദ്രന്റെ വിവാദ പരാമര്‍ശം.
കരിമണല്‍ കര്‍ത്തയും ഗോകുലം ഗോപാലനും ശോഭയ്ക്ക് എതിരെ ഒരുമിച്ചുവെന്നായിരുന്നു പരാമര്‍ശം. തനിക്കെതിരെ ഒരു ചാനല്‍ വാര്‍ത്ത കൊടുത്തുവെന്നും കരിമണല്‍ കര്‍ത്തയ്ക്ക് വേദനിച്ചാല്‍ ചാനല്‍ മുതലാളിയായ കുറിക്കമ്പനി ഉടമയ്ക്ക് വേദനിക്കുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞിരുന്നു. ശോഭ സുരേന്ദ്രന് മറുപടി നല്‍കാന്‍ തന്റെ സംസ്‌കാരം അനുദിക്കുന്നില്ലെന്നായിരുന്നു ഇതിന് ഗോകുലം ഗോപാലന്റെ മറുപടി.
ആരോപണങ്ങള്‍ പൂര്‍ണമായും തെറ്റാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞ കരിമണല്‍ കര്‍ത്തയെ അറിയില്ല, കണ്ടിട്ടുമില്ല. ആരെയെങ്കിലും സന്തോഷിപ്പിക്കാനാകാം ഇത്തരം ആരോപണങ്ങള്‍ ഉയര്‍ത്തിയത്. വിഷയത്തില്‍ നിയമനടപടി സ്വീകരിക്കുമെന്നും ഗോകുലം ഗോപാലന്‍ വ്യക്തമാക്കിയിരുന്നു.