ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം

ബെംഗളൂരു: ബെംഗളൂരുവിലെ തടി മില്ലിൽ വൻ തീപിടുത്തം. ഇലക്‌ട്രോണിക്‌സ് സിറ്റിയിലെ സിംഗസാന്ദ്രയിൽ ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. തടി മില്ലിലുണ്ടായ തീപിടുത്തം സമീപത്തെ കാർ വാഷ് കേന്ദ്രത്തിലേക്കും, വസ്ത്രസ്ഥാപനത്തിലേക്കും പടർന്നു. തീപിടിത്തം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാരാണ് ഫയർ ഫോഴ്സിൽ വിവരമറിയിച്ചത്.
ബുധനാഴ്ച പുലർച്ചെയാണ് തീയണക്കാനായത്. സംഭവത്തിൽ കടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന രണ്ട് കാറുകളും നിരവധി ബൈക്കുകളും അഞ്ച് കോടിയോളം രൂപ വിലമതിക്കുന്ന സാധനങ്ങളും റെഡിമെയ്ഡ് വസ്ത്രങ്ങളും കത്തിനശിച്ചു. എന്നാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപ്പിടുത്തതിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഇലക്ട്രോണിക് സിറ്റി പോലീസ് കേസെടുത്തു.