ഐപിഎൽ 2024; പുതിയ റെക്കോർഡുമായി വിരാട് കോഹ്ലി

ഐപിഎല്ലിൽ പുതിയ റെക്കോർഡുമായി ആർസിബി താരം വിരാട് കോഹ്ലി. റൺവേട്ട തുടരുന്ന വിരാട് കോഹ്ലി നടപ്പു സീസണിൽ 500 റൺസ് പിന്നിട്ടു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ പുറത്താകാതെ 70 റൺസെടുത്തതോടെയാണ് 500ലെത്തിയത്. മത്സരത്തിൽ സെഞ്ച്വറി നേടിയ വിൽ ജാക്സിന്റെയും കോഹ്‌ലിയുടെയും ബലത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ഒമ്പത് വിക്കറ്റിന്റെ ഉജ്ജ്വല ജയം നേടി.
ഇത് ഏഴാം തവണയാണ് വിരാട് കോഹ്ലി ഐപിഎല്ലിൽ 500 റൺസ് പിന്നിടുന്നത്. ഏറ്റവും കൂടുതൽ തവണ ഈ നാഴികകല്ല് പിന്നിടുന്ന താരം എന്ന റെക്കോർഡും താരത്തിനുണ്ട്. നേരത്തെ ഏഴു തവണ 500 റൺസ് നേടിയ ഡേവിഡ് വാർണർക്ക് ഒപ്പമാണ് കോഹ്‌ലി ഈ റെക്കോഡ് പങ്കിടുന്നത്.
ഈ സീസണിൽ ഒരു സെഞ്ച്വറിയും നാല് അർധ സെഞ്ച്വറിയും ഉൾപ്പെടെ 71.43 ശരാശരിയിലാണ് 500 റൺസിലെത്തിയത്. 147.49 സ്ട്രൈക്ക് റേറ്റുണ്ട്. 418 റൺസുമായി സായ് സുദർശനാണ് ഈ സീസണിൽ രണ്ടാമത് നിൽക്കുന്നത്. സഞ്ജു സാംസൺ 385 റൺസുമായി മൂന്നാം സ്ഥാനത്താണ്.