അപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് യുവാവ്; 17-കാരന് ദാരുണാന്ത്യം
ബൈക്കപകടത്തിൽ പരുക്കേറ്റ സുഹൃത്തിനെ വഴിയിൽ ഉപേക്ഷിച്ച് സഹയാത്രികൻ. പത്തനംതിട്ട കാരംവേലിയിലാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ 17കാരൻ നെല്ലിക്കാല സ്വദേശി സുധീഷ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചു. കുലശേഖരപതി സ്വദേശിയായ സഹദ് സുധീഷിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കൊണ്ടുപോകവേയാണ് അപകടം ഉണ്ടായത്. ഇന്നലെ രാത്രി 9.15 നാണ് സംഭവം. പത്തനംതിട്ട-കോഴഞ്ചേരി റോഡില്‍ രാത്രി 9:11 ഓടെ ഇവർ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു.
ബൈക്കിന്റെ പിന്നിലിരുന്ന സുധീഷ് റോഡിലേക്ക് തെറിച്ച വീണ് തലയ്‌ക്ക് ഗുരുതരമായി പരുക്ക് പറ്റി. എന്നാൽ സുഹൃത്തായ സഹദ് ഇത് കണ്ടിട്ടും സുധീഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ ബൈക്കുമായി അവിടെ നിന്നും കടന്നുകളയാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിന് ശേഷം ബൈക്കുമായി കടക്കാൻ ശ്രമിച്ച സഹദിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. അശ്രദ്ധമായി വാഹനം ഓടിച്ച് മരണത്തിനിടയാക്കിയതിന് സഹദിനെതിരെ ആറന്‍മുള പോലീസ് കേസെടുത്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.