പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിച്ചാര്‍ഡ് സ്ലേമാൻ അന്തരിച്ചു

ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച് ചരിത്രം സൃഷ്ടിച്ച അമേരിക്കക്കാരൻ റിച്ചാർഡ് സ്ലേമാൻ (62) അന്തരിച്ചു. പന്നിവൃക്ക ശരീരത്തില്‍ ഘടിപ്പിച്ച് രണ്ടു മാസത്തിനുശേഷം സംഭവിച്ച മരണത്തിന്‍റെ കാരണം അദ്ദേഹത്തിന്‍റെ കുടുംബാംഗങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
മാസച്യുസെറ്റ്‌സ് ജനറല്‍ ഹോസ്പിറ്റലില്‍ മാർച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാല്‍, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറല്‍ ആശുപത്രി പ്രസ്താവനയില്‍ പറഞ്ഞു. മാസച്യുസെറ്റ്‌സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നല്‍കിയത്.
ഹാനികരമായ പന്നി ജീനുകള്‍ നീക്കി ചില മനുഷ്യജീനുകള്‍ ചേർത്താണ് അത് മാറ്റിവെക്കലിന് സജ്ജമാക്കിയത്. ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മർദവും അനുഭവിച്ചിരുന്ന സ്ലേമാന്റെ വൃക്കകളിലൊന്ന് 2018-ല്‍ മാറ്റിവെച്ചിരുന്നു. മനുഷ്യവൃക്കയാണ് അന്നുപയോഗിച്ചത്. അതും പ്രവർത്തിക്കാതായതോടെയാണ് ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക വെച്ചത്.