അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ; കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഡീപ് ഫേക്ക് വീഡിയോ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് ഐ.ടി സംഘത്തിലെ അഞ്ചുപേരെ ഡല്‍ഹി പോലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റുചെയ്തു. വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കളായ അസ്മ, ഗീത എന്നിവരും സമൂഹ മാധ്യമ സംഘാംഗങ്ങളില്‍ പെട്ട നവീന്‍, ശിവ, മന്ന എന്നിവരുമാണ് അറസ്റ്റിലായത്. ഇവരെ ഉടൻ ഡൽഹിയിലേക്ക് കൊണ്ടുവരും.
വ്യാജ അജണ്ടകള്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി തെറ്റായ വീഡിയോ നിര്‍മിച്ചുവെന്ന ബി.ജെ.പി നേതൃത്വത്തിന്റെ പരാതിയില്‍ സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്ന് പോലീസ് പറഞ്ഞു.
Amit Shah Deepfake Video Case: Congress Social Media Team Members Among 5 Arrested In Hyderabad pic.twitter.com/KiFK83mjhn
— IANS (@ians_india) May 2, 2024
തെലങ്കാനയിലും ആന്ധ്രയിലും മുസ്ലീങ്ങൾക്കുള്ള നാല് ശതമാനം സംവരണം ബിജെപി റദ്ദാക്കുമെന്ന് അമിത് ഷാ നേരത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എസ് സി/എസ് ടി ഉൾപ്പടെയുള്ളവരുടെ സംവരണവും എടുത്തുകളയുമെന്ന തരത്തിൽ എല്ലാ അമിത് ഷാ പറയുന്ന വ്യാജ വീഡിയോ നിർമിച്ചു പ്രചരിപ്പിച്ചുവെന്നാണ് ഡൽഹി പോലീസിന്റെ ആരോപണം. വീഡിയോ പോസ്റ്റ് ചെയ്തതിന് ഒരു കോൺഗ്രസ് പ്രവർത്തകൾ കഴിഞ്ഞ ദിവസം അസമിൽ അറസ്റ്റിലായിരുന്നു. പ്രസംഗത്തിന്റെ യഥാര്‍ഥ വിഡിയോ പുറത്തുവിട്ടുകൊണ്ട് ഗുവാഹത്തിയിലെ വാര്‍ത്താസമ്മേളനത്തില്‍ അമിത് ഷാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. പരാജയ ഭീതിയിലായ കോണ്‍ഗ്രസ് വ്യാജവിഡിയോകള്‍ നിര്‍മിച്ച് പ്രചരിപ്പിക്കുന്നുവെന്നും രാഹുല്‍ ഗാന്ധിയുടെ അറിവോടെയാണിതെന്നും അമിത് ഷാ ആരോപിച്ചിരുന്നു.
വീഡിയോ അപ്‌ലോഡും ഫോർവേർഡും ചെയ്തവരെയും പോലീസ് പരിശോധിച്ച് വരികയാണ്. രേവന്ത് റെഡ്ഢി തന്റെ എക്സ് അക്കൗണ്ടിൽ അമിത് ഷായുടെ വ്യാജ വീഡിയോ പങ്കുവച്ചിരുന്നു. പാര്‍ട്ടി ഹാന്‍ഡിലുകള്‍ വഴി വിഡിയോ പ്രചരിപ്പിച്ചെന്ന് കാണിച്ച് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഡല്‍ഹിപോലീസ് നോട്ടിസ് നല്‍കിയിരുന്നു.