25 വര്‍ഷങ്ങള്‍ക്ക് ശേഷം ഇടവേള ബാബു ഒഴിയുന്നു; ‘അമ്മ’ സംഘടനയ്ക്കുള്ളില്‍ വൻ മാറ്റങ്ങള്‍

താര സംഘടനയായ ‘അമ്മ’യുടെ തലപ്പത്ത് വന്‍ മാറ്റങ്ങള്‍ക്ക് സാധ്യത. സംഘടനയുടെ വിവിധ പദവികളില്‍ നേതൃത്വം വഹിച്ച ഇടവേള ബാബു 25 വര്‍ഷത്തിനുശേഷം സ്ഥാനമൊഴിയുന്നു എന്നതാണ് പ്രധാന മാറ്റം. നിലവില്‍ ജനറല്‍ സെക്രട്ടറിയാണ്. ഇടവേള ബാബു സ്ഥാനം ഒഴിയുന്നതോടെ മോഹൻലാലും സെക്രട്ടറി സ്ഥാനം ഒഴിയാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
ജൂണ്‍ 30ന് ഗോകുലം കണ്‍വെൻഷൻ സെന്ററിലാണ് അമ്മയുടെ തിരഞ്ഞെടുപ്പ് പൊതുയോഗം നടക്കുക. നിലവില്‍ സംഘടനയില്‍ 506 പേർക്കാണ് വോട്ടവകാശമുള്ളത്. ജൂണ്‍ മൂന്ന് മുതല്‍ പത്രികകള്‍ സ്വീകരിച്ച് തുടങ്ങും. താൻ ഇനി നേതൃസ്ഥാനത്ത് ഉണ്ടാകില്ലെന്ന് ഇടവേള ബാബുവും ഒരു മാധ്യമത്തോട് സ്ഥിരീകരിച്ചിട്ടുണ്ട്. ഒരു മാറ്റം അനിവാര്യമാണെന്നും ഞാൻ ആയിട്ട് മാറിയാലെ നടക്കൂ എന്നും അദ്ദേഹം പറഞ്ഞു.
പുതിയ ആള്‍ക്കാർ വരാനാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ തവണയും ഇടവേള ബാബു നേതൃസ്ഥാനത്ത് നിന്ന് ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ മമ്മൂട്ടിയുടെ വികാരഭരിതമായ വാക്കുകള്‍ക്ക് മുന്നില്‍ തീരുമാനം മാറ്റുകയായിരുന്നു. 1994 ല്‍ അമ്മ രൂപീകരിച്ച ശേഷം മൂന്നാം ഭരണ സമിതിയിലാണ് ഇടവേള ബാബു അമ്മ ജോയിന്‍റ് സെക്രട്ടറിയായി സ്ഥാനം ഏല്‍ക്കുന്നത്. തുടര്‍ന്ന് ഇന്നോളം അമ്മയില്‍ വിവിധ സ്ഥാനങ്ങള്‍ ഇടവേള ബാബു വഹിച്ചു.