നാല് ദിവസത്തെ മഴ; കടപുഴകി വീണത് ഇരുന്നൂറോളം മരങ്ങൾ

ബെംഗളൂരു: കനത്ത മഴയെ തുടർന്ന് കഴിഞ്ഞ നാല് ദിവസത്തിനിടെ കടപുഴകി വീണത് 200 ൽ പരം മരങ്ങൾ. ബെംഗളൂരു നഗരത്തിന്റെ പല സ്ഥലങ്ങളിലും വർഷങ്ങൾ പഴക്കമുള്ള മരങ്ങൾ ഉണ്ടായിരുന്നു. ഇവയാണ് കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും കടപുഴകി വീണത്.
എന്നാൽ കടപുഴകി വീണ മരങ്ങളുടെ തടിയും മരക്കൊമ്പുകളും റോഡിന് സമീപം കൂട്ടിയിട്ടിരിക്കുന്നതിനാൽ കാൽനട യാത്രക്കാർക്ക് ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്. പലയിടങ്ങളിലും റോഡരികിലും നടപ്പാതയിലും വീണ മരങ്ങളും കൊമ്പുകളും ഇതുവരെ നീക്കം ചെയ്തിട്ടില്ല. തടികൾ ടെൻഡറുകൾ എടുത്ത് വിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബിബിഎംപി ഈസ്റ്റ് സോൺ റേഞ്ച് ഫോറസ്റ്റ് ഓഫീസർ തിമ്മപ്പ പറഞ്ഞു.
എന്നാൽ പലയിടത്തുമുള്ളത് പാഴ്മരങ്ങളാണ്. അതുകൊണ്ടുതന്നെ അവയുടെ തടി ഉപയോഗയോഗ്യമല്ല എന്നത് വലിയ വെല്ലുവിളിയാണ്. ഗുൽമോഹർ, സ്പത്തോഡിയ, പെൽറ്റോഫോറം വിഭാഗത്തിൽപ്പെട്ട മരങ്ങളാണ് കടപുഴകി വീണതിൽ കൂടുതലും. മരങ്ങൾ നീക്കം ചെയ്യാനായി ബിബിഎംപിയുടെ 28 സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.