ഗുരുദത്തിനു ആദരം; ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു

ബെംഗളൂരു: നടനും സംവിധായകനുമായ ഗുരുദത്തിനുള്ള ആദരസൂചകമായി ബെംഗളൂരുവിൽ ദ്വിദിന ചലച്ചിത്ര മേള സംഘടിപ്പിക്കുന്നു. റോട്ടറി നീഡി ഹാർട്ട് ഫൗണ്ടേഷനാണ് (ആർഎൻഎച്ച്എഫ്) പരിപാടി സംഘടിപ്പിക്കുന്നത്. മേളയിൽ അദ്ദേഹത്തിൻ്റെ ഹിറ്റ് ഗാനങ്ങൾ ഉൾക്കൊള്ളുന്ന സംഗീത സന്ധ്യയും സംഘടിപ്പിക്കും. ചലച്ചിത്ര മേളയുടെ ടിക്കറ്റ് വിൽപ്പനയിൽ നിന്നുള്ള വരുമാനം രാജ്യത്തുടനീളമുള്ള പാവപ്പെട്ട കുട്ടികൾക്ക് ഹൃദയ ശസ്ത്രക്രിയകൾ ചെയ്യുന്നതിനായി നൽകുമെന്ന് ആർഎൻഎച്ച്എഫ് അറിയിച്ചു.
പ്യാസ, കാഗസ് കെ ഫൂൽ, മിസ്റ്റർ ആൻഡ് മിസിസ് 55, ആർ പാർ തുടങ്ങിയ അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് തിരഞ്ഞെടുത്തവ മെയ് 4ന് ബെംഗളൂരുവിലെ ഭാരതീയ വിദ്യാഭവനിലും മെയ് 5ന് സുചിത്ര ഓഡിറ്റോറിയത്തിലും പ്രദർശിപ്പിക്കും. മെയ് നാലിന് ഭാരതീയ വിദ്യാഭവനിൽ വൈകീട്ട് ആറിന് സംഗീത സന്ധ്യയും നടക്കും. ഗായകരായ രാം തിരത്ത്, ശ്രുതി ഭിഡെ, ഗോവിന്ദ് കുർണൂൽ, നരസിംഹൻ കണ്ണൻ, ദിവ്യ രാഘവൻ എന്നിവർ പ്രദീപ് പട്കറുടെ നേതൃത്വത്തിലുള്ള ഓർക്കസ്ട്രയുടെ അകമ്പടിയോടെ ഗുരുദത്തിൻ്റെ ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിക്കും. രാവിലെ 10 മുതൽ സിനിമകൾ പ്രദർശിപ്പിക്കും. മേളയ്ക്ക് പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് നേരിട്ട് വേദികളിലേക്ക് എത്തി ടിക്കറ്റ് എടുക്കാവുന്നതാണ്.