ഉഷ്ണതരംഗം; ലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ ആവശ്യപ്പെട്ട് ബിജെപി

ബെംഗളൂരു: സംസ്ഥാനത്ത് ഉഷ്ണതരംഗം തുടരുന്ന സാഹചര്യം പരിഗണിച്ച് രണ്ടാംഘട്ട വോട്ടെടുപ്പിന്റെ സമയം മാറ്റാൻ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് ബിജെപി. മെയ് 7നാണ് സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ്. പോളിങ് സമയം രാവിലെ 6 മുതൽ വൈകിട്ട് 7 വരെയാക്കി മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിലവിൽ രാവിലെ 7 മുതൽ വൈകീട്ട് ആറ് വരെയാണ് പോളിങ് സമയം.
അനിയന്ത്രിതമായ ചൂട് കാരണം 10 മണി മുതൽ 5 മണി വരെ നീണ്ട ക്യുവിൽ നിന്ന് വോട്ടുചെയ്യുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടാണ്. 14 പാർലമെൻ്റ് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന വടക്കൻ കർണാടകയിൽ ശരാശരി താപനില 37 മുതൽ 42 ഡിഗ്രി സെൽഷ്യസ് വരെയാണ്.
ഈ മണ്ഡലങ്ങളിൽ 40 വയസ്സിന് മുകളിലുള്ള വോട്ടർമാരുടെ എണ്ണം കൂടുതലാണെന്നും പരമാവധി വോട്ടർമാർക്ക് അനുകൂലമായ സാഹചര്യം ഒരുക്കണമെന്നും ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. ഏപ്രിൽ 26 നായിരുന്നു സംസ്ഥാനത്തെ 14 മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്.