മംഗളൂരു വിമാനത്താവളത്തിന് ബോംബ് ഭീഷണി
ബെംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന് നേരെ ബോംബ് ഭീഷണി. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്ഫോടനം ഉണ്ടാകുമെന്ന് കാട്ടി വിമാനത്താവളത്തിന്റെ ഔദ്യോഗിക മെയിൽ ഐഡിയിലേക്കാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഏപ്രിൽ 29 ന് എയർപോർട്ട് ഓഫീസിൽ ഇമെയിൽ ലഭിച്ചിരുന്നുവെങ്കിലും
വെള്ളിയാഴ്ചയാണ് മെയിൽ ശ്രദ്ധയിൽ പെടുന്നത്. ടെററൈസേഴ്‌സ് 111 എന്നയാളുടെ മെയിലിൽ നിന്നാണ് സന്ദേശം വന്നത്. വിമാനത്താവളത്തിലും മൂന്ന് വിമാനങ്ങളിലും സ്‌ഫോടകവസ്തുക്കൾ സ്ഥാപിച്ചിട്ടുണ്ടെന്നും ഉടൻ പൊട്ടിത്തെറിക്കുമെന്നായിരുന്നു ഭീഷണി. എന്നാൽ, ഇത് വ്യാജമാണെന്ന് പോലീസും ബോംബ് സ്‌ക്വാഡും സ്ഥിരീകരിച്ചു.
സംഭവത്തിൽ വിമാനത്താവള അധികൃതർ ബജ്‌പെ പോലീസിൽ പരാതി നൽകി. ഭീഷണിയുടെ പശ്ചാത്തലത്തിൽ വിമാനത്താവളത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.