തിരഞ്ഞെടുപ്പില്‍ അപരന്മാരെ വിലക്കാനാകില്ല: സുപ്രീം കോടതി
ന്യൂഡല്‍ഹി: ഒരേ പേരുള്ളവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. ഏതെങ്കിലും രക്ഷിതാക്കൾ കുട്ടികൾക്ക് രാഹുൽ ഗാന്ധിയെന്നും ലാലുപ്രസാദ് യാദവ് എന്നും പേരിട്ടെന്നുവെച്ച് അവർ മത്സരിക്കരുതെന്ന് എങ്ങനെ പറയാൻ കഴിയുമെന്നും സുപ്രീം കോടതി ചോദിച്ചു. രാഷ്ട്രീയ നേതാക്കളുടെ അതേ പേരുള്ളവരാണെന്ന് വച്ച് അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കാനാകില്ലെന്ന് കോടതി വിധിന്യായത്തില്‍ വ്യക്തമാക്കി.
ഉന്നത നേതാക്കള്‍ മത്സരിക്കുന്ന സീറ്റുകളില്‍ വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുന്നതിനായി അപരന്മാരെ ആശ്രയിക്കുന്ന പ്രവണതക്കെതിരെ സാബു സ്റ്റീഫന്‍ എന്നയാളാണ് പൊതുതാത്പര്യ ഹരജി സമര്‍പ്പിച്ചത്. പലപ്പോഴും ഉന്നതരായ സാരഥികള്‍ ചെറിയ ശതമാനം വോട്ടിന് പരാജയപ്പെടുന്നതിന് അപരന്മാരുടെ സാന്നിധ്യം വഴിതെളിക്കുന്നതായി ഹരജിയില്‍ വ്യക്തമാക്കിയിരുന്നു.
സ്വതന്ത്രവും സുതാര്യവുമായ തിരഞ്ഞെടുപ്പ് ഉറപ്പു വരുത്തുന്നതിന് ഇത്തരം പ്രവണതകള്‍ അവസാനിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കണമെന്ന് ഹരജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഉന്നതരുടെ പേരുകള്‍ ചില രക്ഷിതാക്കള്‍ അവരുടെ മക്കള്‍ക്ക് നല്‍കിയെന്നും വച്ച് അവരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് എങ്ങനെ തടയാനാകുമെന്ന് ഹരജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു കൊണ്ട് ജസ്റ്റിസ് ബി ആര്‍ ഗവായ് ചോദിച്ചു. ഹരജി പിന്‍വലിക്കാന്‍ ഹരജിക്കാരന് കോടതി അനുമതി നല്‍കി.