മഴ മുന്നറിയിപ്പിൽ മാറ്റം; അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ വേനൽമഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ 6 ജില്ലകളിൽ മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, കള്ളക്കടൽ പ്രതിഭാസം തുടരുന്ന സാഹചര്യത്തിൽ കേരളാ തീരത്ത് അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു. വീണ്ടും കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്ത് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും, ആയതിനാൽ കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും നാളെ (04-05-2024) രാവിലെ 02.30 മുതൽ 05-05-2024 രാത്രി 11.30 വരെ 0.5 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.