ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കല്ലേറ്; പത്ത് പേർ അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് കളിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ കല്ലേറ്. സംഭവത്തിൽ പത്ത് പേർ അറസ്റ്റിലായി. ബെളഗാവി അൽവാൻ ഗല്ലിയിലാണ് സംഭവം. കല്ലേറിൽ പരുക്കേറ്റ എട്ട് പേരെ ബിഐഎംഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് 6.30ഓടെ ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് വീണതിനെ ചൊല്ലിയാണ് രണ്ട് സമുദായങ്ങളിലെ യുവാക്കൾ തമ്മിൽ തർക്കമുണ്ടായത്. പിന്നീട് ഇവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങിയെങ്കിലും ഇരുകൂട്ടരുടെയും കുടുംബാംഗങ്ങൾ പരസ്പരം കല്ലേറിയുകയായിരുന്നു.
വിവരമറിഞ്ഞ് ഷാപൂർ പോലീസ് സ്റ്റേഷനിലെ പട്രോളിംഗ് സ്ക്വാഡ് സ്ഥലത്തെത്തിയാണ് ഇരു കൂട്ടരെയും തിരിച്ചയച്ചത്. ഇതുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്. രണ്ട് സമുദായങ്ങൾ ഉൾപ്പെട്ട വിഷയമായതിനാൽ കൂടുതൽ സംഘർഷം ഉണ്ടാകാതിരിക്കാൻ സ്ഥലത്ത് കൂടുതൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.