വൊക്കലിഗ വിഭാഗത്തിന്റെ വോട്ടുറപ്പിക്കാൻ കോൺഗ്രസ് സർക്കാർ പ്രജ്വലിനെ വെറുതെവിട്ടു; അമിത് ഷാ
ബെംഗളൂരു: പ്രജ്വൽ രേവണ്ണയുൾപ്പെട്ട അശ്ലീല വീഡിയോകൾ പുറത്തുവന്ന സംഭവത്തിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസിന് എല്ലാ കാര്യങ്ങളും മാസങ്ങൾക്ക് മുമ്പേ അറിയാമായിരുന്നു. എന്നാൽ, നടപടിയെടുക്കുന്നതിന് വൊക്കലിഗ വിഭാഗത്തിൽപ്പെട്ടവർ വോട്ടു രേഖപ്പെടുത്തുന്നതുവരെ സർക്കാർ കാത്തിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു.
സംസ്ഥാനത്തെ ക്രമസമാധാനം സർക്കാരിന്റെ ഉത്തരവാദിത്വമാണ്. ഈ വിഷയം മാസങ്ങൾക്ക് മുമ്പേ അവർക്ക് അറിയാമായിരുന്നു. എന്നാൽ, അവർ പ്രജ്വലിനെ നാടുവിടാൻ അനുവദിച്ചു. കർണാടക മുഖ്യമന്ത്രിക്കും ഉപമുഖ്യമന്ത്രിക്കുമാണ് ഇക്കാര്യത്തിൽ ഉത്തരവാദിത്വമെന്ന് ഷാ ആരോപിച്ചു.
സംസ്ഥാനത്തെ വോട്ടെടുപ്പിൽ ഭൂരിഭാഗവും വൊക്കലിഗ സമുദായത്തിൽപ്പെട്ടവരാണ്. അവരുടെ നേതാവായ പ്രജ്വലിനെതിരെയുള്ള ഏത് നടപടിയും വോട്ടർമാർ കോൺഗ്രസിനെതിരെ തിരിയുന്നതിലേക്ക് നയിക്കുമെന്ന് അവർക്കറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശ്ലീലവീഡിയോകൾ പ്രചരിച്ചതിന് പിന്നാലെ ഏപ്രിൽ 27-നാണ് പ്രജ്വൽ രേവണ്ണ ജർമനിയിലേക്ക് കടന്നത്. നിരവധി സ്ത്രീകളെ പ്രജ്വൽ രേവണ്ണ ലൈംഗികമായി ചൂഷണംചെയ്തെന്നും ഇതിന്റെ ദൃശ്യങ്ങൾ പകർത്തി പെൻഡ്രൈവിൽ സൂക്ഷിച്ചെന്നുമാണ് ആരോപണം. ഏകദേശം മൂവായിരത്തോളം വീഡിയോകളാണ് പെൻഡ്രൈവിലുണ്ടായിരുന്നത്.