4 വയസുകാരിയെ കടിച്ചുകീറി വളര്‍ത്തുനായ; മൂന്ന് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്ക് വിധേയയാക്കി

വളർത്തുനായയുടെ കടിയേറ്റ് അതിസങ്കീർണ ശസ്ത്രക്രിയയ്‌ക്ക് വിധേയായി നാല് വയസുകാരി. ഡെറാഡൂണിലെ പട്ടേല്‍ നഗർ ഏരിയയിലാണ് സംഭവം. അയല്‍വാസിയുടെ ജർമൻ ഷെപ്പർഡിന്റെ കടിയേറ്റതിന് പിന്നാലെ ഗുരുതരമായ പരിക്കുകളാണ് കുട്ടിക്കുണ്ടായത്. ഏകദേശം മൂന്നോളം മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്.
ഡെറാഡൂണ്‍ ജില്ലാ കോടതി അഭിഭാഷകൻ ദീപക് വർമയുടെ മകള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. സഹോദരിക്കും അമ്മയ്‌ക്കുമൊപ്പം വഴിയിലൂടെ നടക്കുന്നതിനിടെയാണ് വളർത്തുനായ ആക്രമിച്ചത്. അയല്‍വാസിയുടെ വീടിന് മുമ്പിലൂടെ നടക്കുന്നതിനിടെ നായ ചാടി വീഴുകയായിരുന്നു. മുഖത്ത് ആഴത്തിലുള്ള മുറിവാണ് ഉണ്ടായത്. അമ്മയുടെ സമയോചിതമായ ഇടപെടലിലാണ് മകളുടെ ജീവൻ രക്ഷിക്കാൻ സാധിച്ചതെന്ന് പോലീസ് പറഞ്ഞു.
കുട്ടിയെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയാണ് നടത്തിയതെന്ന് മാതാവ് പറഞ്ഞു. കുട്ടിയുടെ മാനസികാവസ്ഥ മോശം നിലയിലാണെന്നും കൗണ്‍സിലിംഗിന് വിധേയമാക്കുന്നുണ്ടെന്നും പിതാവ് പറഞ്ഞു. സംഭവത്തില്‍ നായയുടെ ഉടമകളായ അവിനാഷ് റാത്തൂരി, മകൻ ആയുഷ് റാത്തൂരി എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.