ഐപിഎൽ 2024; ഡൽഹിയോട് തോറ്റ് ലക്നൗ സൂപ്പർ ജയന്റ്സ്

പ്ലേ ഓഫ് ബർത്തിനായുള്ള ജീവൻമരണ പോരാട്ടത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിന് തോൽവി. ഡൽഹി ക്യാപ്പിറ്റൽസിനോട് 19 റൺസിനാണ് ലഖ്നൗ തോറ്റത്. ലഖ്നൗവിന്റെ പരാജയത്തോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫിൽ കടക്കുന്ന രണ്ടാമത്തെ ടീമായി. 209 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലഖ്നൗവിന് 20 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 189 റൺസെടുക്കാനേ സാധിച്ചുള്ളൂ.
നിർണായക മത്സരത്തിൽ മുൻനിര പരാജയമായപ്പോൾ നിക്കോളാസ് പുരന്റെയും അവസാന ഓവറുകളിൽ തകർത്തടിച്ച് ആവേശമുയർത്തിയ അർഷാദ് ഖാന്റെയും പ്രകടനങ്ങളാണ് ടീമിനെ നാണക്കേടിൽ നിന്ന് രക്ഷിച്ചത്. 27 പന്തിൽ നിന്ന് നാല് സിക്സും ആറ് ഫോറുമടക്കം 61 റൺസെടുത്ത പുരനാണ് ടീമിന്റെ ടോപ് സ്കോറർ. കൈവിട്ട മത്സരത്തെ ആവേശത്തിലാക്കി 33 പന്തുകൾ നേരിട്ട് അഞ്ചു സിക്സും മൂന്ന് ഫോറുമടക്കം 58 റൺസോടെ പുറത്താകാതെ നിന്ന അർഷാദ് ഖാനും പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.
ജയത്തോടെ 14 മത്സരങ്ങൾ പൂർത്തിയാക്കിയ ഡൽഹി 14 പോയന്റുമായി അഞ്ചാം സ്ഥാനത്തെത്തി. ഒരു മത്സരം ബാക്കിയുള്ള ലഖ്നൗ 12 പോയന്റുമായി ഏഴാം സ്ഥാനത്താണ്. ഇരു ടീമിനും ഇനി പ്ലേ ഓഫിലെത്തുക എന്നത് വിദൂര സാധ്യത മാത്രമാണ്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 208 റൺസെടുത്തിരുന്നു. വമ്പനടിക്കാരൻ ജെയ്ക് ഫ്രേസർ മക്ഗുർക്കിനെ (0) ഇന്നിങ്സിന്റെ രണ്ടാം പന്തിൽ തന്നെ നഷ്ടമായെങ്കിലും അഭിഷേക് പോറെൽ, ഷായ് ഹോപ്പ്, ക്യാപ്റ്റൻ ഋഷഭ് പന്ത്, ട്രിസ്റ്റൻ സ്റ്റബ്ബ്സ് എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് ഡൽഹിക്ക് മികച്ച സ്കോർ സമ്മാനിച്ചത്.