ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി

ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി. കർക്കർദുമ കോടതിയാണ് ഉമറിന്റെ അപേക്ഷ തള്ളിയത്. ഉമറിന്റെ ജാമ്യാപേക്ഷയെ ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടർ എതിർത്തു. ഉമറിന്റേത് നിസ്സാരവും അടിസ്ഥാനരഹിതവുമായ ആവശ്യമാണെന്ന് അദ്ദേഹം കോടതിയില്‍ പറഞ്ഞു.
യു.എ.പി.എ ചുമത്തപ്പെട്ട ഉമർ ഖാലിദ് 2020 സെപ്റ്റംബർ മുതല്‍ ജയിലിലാണ്. കേസ് നീണ്ടുപോകുന്നത് ചൂണ്ടിക്കാട്ടിയാണ് ഉമർ ഖാലിദ് ജാമ്യാപേക്ഷ നല്‍കിയത്. പ്രത്യേക ജഡ്ജി സമീർ ബാജ്പേ മെയ് 13ന് ജാമ്യാപേക്ഷ വിധിപറയാനായി മാറ്റിയിരുന്നു. ഡല്‍ഹി പോലീസിന് വേണ്ടി ഹാജരായ പ്രത്യേക പ്രോസിക്യൂട്ടർ ഉമർ ഖാലിദിന് ജാമ്യം നല്‍കരുതെന്ന് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഉമർ ഖാലിദിനെതിരെ തീവ്രവാദ ആരോപണങ്ങള്‍ കുറ്റപത്രത്തില്‍ ഉന്നയിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയില്‍ വാദിച്ചു. കുറ്റപത്രത്തില്‍ ഖാലിദിനെതിരെ പറയുന്ന കാര്യങ്ങളെല്ലാം തെറ്റാണ്. തന്റെ കക്ഷിക്കെതിരെ മാധ്യമവിചാരണയാണ് നടക്കുന്നതെന്നും ഖാലിദിന്റെ അഭിഭാഷകൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.