ലൈംഗികാരോപണം; പ്രജ്വലിനു രക്ഷപ്പെടാൻ വഴിയൊരുക്കിയത് ദേവഗൗഡയെന്ന് സിദ്ധരാമയ്യ
ബെംഗളൂരു: ലൈംഗികാരോപണ കേസിൽ അകപ്പെട്ട ഹാസൻ എംപി പ്രജ്വൽ രേവണ്ണയുടെ രക്ഷപ്പെടൽ ആസൂത്രണം ചെയ്തത് മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ് അധ്യക്ഷനുമായ എച്ച്.ഡി ദേവഗൗഡയാണെന്ന ആരോപണവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ കർണാടക സർക്കാർ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചതിന് പിന്നാലെ പ്രജ്വൽ ജർമ്മനയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയിരുന്നു. ഇത് ദേവഗൗഡയുടെ അറിവോടെയാണെന്ന് സിദ്ധരാമയ്യ പറഞ്ഞു.
വിദേശത്തേക്ക് പോകാൻ കേന്ദ്രസർക്കാറാണ് പ്രജ്വലിന് പാസ്‍പോർട്ടും വിസയും നൽകിയത്. കേന്ദ്രത്തിന്റെ അറിവില്ലാതെ പ്രജ്വലിന് രാജ്യം വിടാനാവില്ല. എച്ച്.ഡി ദേവഗൗഡയാണ് പ്രജ്വലിന് രാജ്യം വിടാനുള്ള പദ്ധതി തയാറാക്കിയത്. ഇതനുസരിച്ചാണ് അയാൾ രാജ്യം വിട്ടതെന്നും സിദ്ധരാമയ്യ ആരോപിച്ചു. അതേസമയം, ലൈംഗികാതിക്രമ കേസിൽ പ്രതിയായ ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ ഉടൻ ഇന്ത്യയിലെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. ഈയാഴ്ച തന്നെ രേവണ്ണ ഇന്ത്യയിലേക്ക് മടങ്ങുമെന്നാണ് സൂചന. കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാവാൻ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം രേവണ്ണക്ക് സമൻസ് അയിച്ചിരുന്നു.