താരപ്രചാരകരെ നിയന്ത്രിക്കണം, ഭിന്നിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; കോണ്‍ഗ്രസിനും ബിജെപിക്കും തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം

ന്യൂഡല്‍ഹി: താരപ്രചാരകരുടെ വിവാദ പരാമർശങ്ങൾക്ക് തടയിടാൻ ബിജെപിക്കും കോൺഗ്രസിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം. മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കുമെന്ന് ഉറപ്പാക്കാനും തിരഞ്ഞെടുപ്പ് മര്യാദ പാലിക്കാനും താരപ്രചാരകർക്ക് രേഖാ മൂലം നിർദേശം നൽകാനും ഇരുപാർട്ടികളുടെയും അധ്യക്ഷന്മാരോട് തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടു
മോദിക്കും രാഹുലിനുമെതിരായ പരാതിയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ താക്കീത് നല്‍കിയത്. മതപരവും സാമുദായികവുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു. താരപ്രചാരകര്‍ തിരഞ്ഞെടുപ്പ് മര്യാദ പാലിക്കണം. വർഗീയപ്രചാരണം നടത്തരുതെന്ന് ബിജെപിക്കും, ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ ഭരണഘടന തിരുത്തിയെഴുതുമെന്ന പ്രചാരണം നടത്തരുതെന്ന് കോൺഗ്രസിനും കമ്മിഷന്‍ നിര്‍ദേശം നൽകി .സൈന്യത്തെ രാഷ്ട്രീയവൽക്കരിക്കുകയോ, സേനയുടെ സാമൂഹിക-സാമ്പത്തിക ഘടനയെക്കുറിച്ച് ഭിന്നിപ്പുണ്ടാക്കുന്ന പ്രസ്താവനകൾ പാടില്ലെന്നും കോൺഗ്രസിന് നിർദേശം നൽകി.
അതേ സമയം നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെയുള്ള പരാതിയെ രാഹുല്‍ ഗാന്ധിയെ കൂടി ഉള്‍പ്പെടുത്തി നിസാരവത്കരിക്കാനാണ് കമ്മീഷന്‍ ശ്രമിക്കുന്നതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. നരേന്ദ്ര മോദി നടത്തിയ വിദ്വേഷപ്രസംഗങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടിയോട് വിശദീകരണം തേടിയിരുന്നു. എന്നാല്‍, ഇതിനുശേഷവും മോദി അത്തരം പ്രസംഗങ്ങള്‍ തുടർന്നു. ഇതിനെതിരെ തെളിവുകള്‍ സഹിതം പരാതി നല്‍കിയിരുന്നു. അതില്‍ നടപടിയെടുത്തില്ലെന്നും വിമര്‍ശനമുണ്ട്.
മുസ്ലിം വിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദമായതിന് പുറമെ ഇന്ത്യാ മുന്നണി അധികാരത്തില്‍ വന്നാല്‍ കോണ്‍ഗ്രസ് രാമക്ഷേത്രത്തിലേയ്ക്ക് ബുള്‍ഡോസര്‍ ഓടിക്കുമെന്ന് മോദി പറഞ്ഞതും വിവാദമായിരുന്നു. സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും അധികാരത്തിലെത്തിയാല്‍ രാം ലല്ല ഒരിക്കല്‍ കൂടി ടെന്റിലേയ്ക്ക് മാറ്റപ്പെടും. രാമക്ഷേത്രത്തിന് മുകളിലൂടെ ബുള്‍ഡോസര്‍ ഒടിച്ച് കയറ്റും എന്നായിരുന്നു മോദിയുടെ പ്രതികരണം.