കടുത്ത ചൂടും സൂര്യാഘാതവും: കര്‍ണാടകയില്‍ അഞ്ച് മരണം
ബെംഗളുരും: കടുത്ത ചൂടും സൂര്യാഘാതവുമേറ്റ് കര്‍ണാടകയില്‍ അഞ്ച് പേര്‍ മരിച്ചു. വടക്കന്‍ കര്‍ണാടകയിലെ റയ്ച്ചൂര്‍ സിന്ധനൂർ താലൂക്കിലെ ഹുദ ഗ്രാമത്തിൽ നിന്നുള്ള വീരേഷ് (70), ഗംഗമ്മ (58), പ്രദീപ് (19), ദുർഗമ്മ (69), ജാലിബെഞ്ചി സ്വദേശി ഹനുമന്ത് (43) എന്നിവരാണ് മരിച്ചത്. ചൂടും നിർജലീകരണവും മൂലമാണ് നാല് പേർ മരിച്ചത്. ഒരാള്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.
“സിന്ധനൂർ, റായ്ച്ചൂർ താലൂക്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട എല്ലാ മരണങ്ങളും ചൂട് മൂലമല്ല. ചിലത് രോഗവുമായി ബന്ധപ്പെട്ടതാകാം. എന്നിരുന്നാലും, നാലു മരണങ്ങൾ നിർജലീകരണം മൂലമാണ് സംഭവിച്ചത്. മെഡിക്കൽ സംഘം ഈ കേസുകൾ അന്വേഷിക്കുന്നുണ്ട്. ജില്ലാ ആരോഗ്യ ഓഫീസർ (ഡിഎച്ച്ഒ) ഡോ സുരേഷ് ബാബു പറഞ്ഞു:
കൊടും വേനല്‍ അനുഭവപ്പെടുന്ന റയ്ച്ചൂരിൽ താപനില 45 ഡിഗ്രി സെൽഷ്യസ് വരെയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. പത്തു വർഷത്തിനിടയിലെ സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനിലയാണിത്. കർണാടകയിൽ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയതും റയ്ച്ചൂരിലാണ്.
അതേസമയം മറ്റൊരു സംഭവത്തില്‍ റായ്ച്ചൂർ ഹൈദരാബാദ് ഹൈവേയിലെ ശക്തിനഗറിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു. ഡ്രൈവർ രക്ഷപ്പെട്ടു. അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും കാർ പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു.