പാചകവാതക സിലിണ്ടർ ചോർച്ച; മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: യരഗനഹള്ളിയിൽ പാചകവാതക സിലിണ്ടർ ചോർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സർക്കാർ. ഒരു കുടുംബത്തിലെ നാല് പേരാണ് അപകടത്തിൽ മരിച്ചിരുന്നത്. ഇവരുടെ ബന്ധുക്കൾക്ക് 12 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
ബുധനാഴ്ചയാണ് മൈസൂരു യരഗനഹള്ളിയിലെ വീട്ടിൽ പാചകവാതക സിലിണ്ടർ ചോർന്നത്. സംഭവത്തിൽ വീട്ടുമസ്ഥൻ കുമാരസ്വാമി (45), ഭാര്യ മഞ്ജുള (39), മക്കളായ അർച്ചന (19), സ്വാതി (17) എന്നിവരാണ് മരിച്ചത്. അപകടം നടക്കുമ്പോൾ ദമ്പതികൾ മുറിയിലും പെൺമക്കൾ ഹാളിലും ഉറങ്ങുകയായിരുന്നു. മൈസൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നസർബാദ് പോലീസ് മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
അടുത്ത കാലത്തായി സംസ്ഥാനത്ത് പാചകവാതക സിലിണ്ടറുകൾ പൊട്ടിത്തെറിച്ചുള്ള അപകടങ്ങൾ വ്യാപകമാകുന്നുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.