കോവിഡ് കാലത്തെ ക്രമക്കേട്; അന്വേഷണ കമ്മിഷന്റെ കാലാവധി നീട്ടി

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് സമയത്തെ ക്രമക്കേടുകൾ അന്വേഷിക്കാൻ നിയോഗിച്ച കമ്മീഷന്റെ കാലാവധി നീട്ടി. കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കാനുള്ള പുതിയ സമയപരിധി ഓഗസ്റ്റ് 31 ആണ്. ജസ്റ്റിസ് ജോൺ മൈക്കൽ കുൻഹയുടെ നേതൃത്വത്തിലുള്ളതാണ് കമ്മീഷൻ.
അന്വേഷണത്തിന്റെ റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് ജോൺ സർക്കാരിനോട് അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. 2023 ഓഗസ്റ്റ് 25നാണ് കമ്മീഷൻ രൂപീകരിച്ചത്. കോവിഡ് കാലത്ത് മരുന്നുകൾ വാങ്ങലും മറ്റും സംബന്ധിച്ച പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകളിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.
2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, കോവിഡ് മാനേജ്മെൻ്റിൽ അന്നത്തെ ബിജെപി സർക്കാർ വലിയ തോതിലുള്ള ക്രമക്കേടുകൾ നടത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു, കൂടാതെ അധികാരത്തിൽ വന്നാൽ ഈ ക്രമക്കേടുകളെ കുറിച്ച് ന്യായമായ അന്വേഷണം നടത്തുമെന്നും കോൺഗ്രസ് ഉറപ്പുനൽകിയിരുന്നു.