ലൈംഗികാതിക്രമ കേസ്; എച്ച്. ഡി. രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം

ബെംഗളൂരു: ലൈംഗികാതിക്രമ കേസിൽ മുൻ മന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്. ഡി. രേവണ്ണയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കായുള്ള ബെംഗളൂരുവിലെ പ്രത്യേക കോടതിയാണ് മുൻകൂർ ഇടക്കാല ജാമ്യം അനുവദിച്ചത്. ഹോളേനരസിപുര പോലീസ് സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിലാണ് വിധി.
പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) മുൻകൂർ ജാമ്യാപേക്ഷയെ എതിർക്കുകയും അദ്ദേഹത്തെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 47 കാരിയായ വീട്ടുജോലിക്കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ഹോളേനരസിപുര പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്.
വ്യാഴാഴ്ചയാണ് രേവണ്ണ മുൻകൂർ ജാമ്യം തേടി പ്രത്യേക കോടതിയെ സമീപിച്ചത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങൾ മാത്രമുള്ളതിനാൽ എസ്ഐടിക്ക് ജാമ്യം നൽകുന്നതിനെ എതിർക്കാൻ കഴിയില്ലെന്ന് രേവണ്ണയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചു. അതിജീവിതയെ തട്ടിക്കൊണ്ടുപോയ കേസിൽ നേരത്തെ രേവണ്ണയ്ക്ക് ജാമ്യം അനുവദിച്ചിരുന്നു.