ഐപിഎൽ 2024; ഹൈദരാബാദിന് മുന്നിൽ അടിതെറ്റി രാജസ്ഥാൻ
ഐപിഎല്ലിൽ രാജസ്ഥാനെതിരെ സൺറൈസേഴ്‌സ് ഹൈദരാബാദിന് ജയം. ഒരു റൺസിനാണ് രാജസ്ഥാൻ തോൽവി വഴങ്ങിയത്. 202 റൺസ് വിജയലക്ഷ്യം നോക്കി ഇറങ്ങിയ രാജസ്ഥാന് 200 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു. നിതീഷ് റെഡ്ഡി (42 പന്തിൽ 76), ട്രാവിസ് ഹെഡ് (44 പന്തിൽ 58) എന്നിവരുടെ ഇന്നിംഗ്‌സാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. 3 വിക്കറ്റ് നഷ്ടത്തിലാണ് ഹൈദരാബാദ് 201 എന്ന സ്കോറിലെത്തിയത്. രാജസ്ഥാന് വേണ്ടി ആവേഷ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി. യൂസ്‌വേന്ദ്ര ചാഹൽ നാല് ഓവറിൽ 62 റൺസ് വഴങ്ങി.
ജയം ലക്ഷ്യമിട്ടിറങ്ങിയ രാജസ്ഥാന് തുടക്കത്തിലേ നഷ്ടങ്ങളായിരുന്നു. കഴിഞ്ഞ മത്സരങ്ങളിൽ മികച്ച ഫോമിലുണ്ടായിരുന്നു ബട്ലറും, സഞ്ജുവും റൺസ് ഒന്നും എടുക്കാൻ കഴിയാതെ മടങ്ങി. ജയ്സ്വാളിന്റെയും പരാഗിന്റെയും പോരാട്ടമാണ് രാജസ്ഥാന് ജീവൻ നൽകിയത്. ആദ്യ ഓവറിലും അവസാന ഓവറിലും നിർണായക വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വർ കുമാറാണ് രാജസ്ഥാന്റെ വിജയത്തിന് തടയിട്ടത്. അവസാന ഓവറിൽ, 13 റൺസായിരുന്നു രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്നത്.